Friday 5 January 2018

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമയി ക്രമീകരിക്കുന്നതിനാണു കവിത എന്നു പൊതുവെ പറയുന്നത്.രചനയുടെ കാവ്യ മുഖം കാവ്യേതര മുഖത്തേക്കാൾ ഹൃദയങ്ങള കീഴടക്കുന്നതിൽ ഒരു പടി മുന്നിലാണ്. സാഹിത്യ കാവ്യങ്ങളാൽ സമ്പുഷ്ടമായിരുന്നു ആറാം നൂറ്റാണ്ടിലെ ഇരുണ്ടയുഖം. സാഹിത്യതിന്റെ അത്യുന്നതത്തിൽ ജീവിച്ചിരുന്ന അക്കാലസമൂഹം മദ്യത്തിന്റെ ലഹരിയിൽപോലും തന്റെ മഹ്‌ബൂബത്തിനെ കുറിച്ച് കവിതകൾ രചിച്ച് കഅബയിൽ തൂക്കുമായിരുന്നു. അബോധാവസ്ഥയിലും സാഹിത്യം തുപ്പിയിരുന്ന അവർ കവിതകൾ എഴുതി പരസ്പ്പരം മത്സരിക്കുകയും വെല്ലുവിളികൾ നടത്തുകയും ചെയ്തിരുന്നു.

ഒരു സമുദായം അവരുടെ നബിയെ പ്രകീർത്തിക്കുക എന്നത്  തങ്ങുടെ നേതവിനോടുള്ള സ്നേഹം പ്രകടിപ്പിക്കലാണ്. നബി(സ)യോട് സ്നേഹം പ്രകടിപ്പിക്കൽ ഈമാനിന്റെ അടിസ്ഥാന ഘടകമാണെന്നതിൽ സംശയമില്ല.സാഹിത്യ സമ്പുഷ്ടമായ കാലത്തുള്ള ഖുർആനിന്റെ അവതരണം ഇസ്ലാമിലേക്കുള്ള ഒഴുക്കിന്റെ ആക്കം കൂട്ടി. അറബി സാഹിത്യകാരന്മാർ ഇസ്ലാമിലേക്ക് കടന്നുവരാനും കാരണമായി.ഹസാനുബ്നു സാബിത്ത് (റ), കഅബുബ്നു സുഹൈർ (റ), കഅബുബ്നു മാലിക്ക് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) തുടങ്ങിയവരുടെ പ്രകീർത്തന കാവ്യങ്ങൾ നബി(സ ) അംഗീകരിച്ചതും പ്രോത്സാഹനം നൽകിയതുമാണ്.

  ജാഹിലിയ്യ കാലഘട്ടത്തിലെ കാവ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്  നബി പ്രകീർത്തന കാവ്യങ്ങൾ.സ്വന്തം പ്രണയിനിയെ കുറിച്ച് എന്തു നുണയും തട്ടി വിടുക എന്ന ശൈലിയിൽ നിന്നും  വ്യത്യസ്തമായി നബി(സ ) യുടെ മഹിമകളും ശാരീരിക വർണനകൾ,ജനനവിശേഷണങ്ങൾ,അവിടത്തെ കാണാനും ആ കബർ സിയാറത്ത് ചെയ്യാനും ആഗ്രഹം ജനിപ്പിക്കുന്ന വരികൾ,യുദ്ധങ്ങൾ,സ്ഥല കാല വിശേഷങ്ങൾ എല്ലാം വിവരിക്കുന്ന പദ്യസമാഹാരങ്ങൾക്കാണ് പ്രവീർത്തന കാവ്യങ്ങൾ എന്ന് പറയുന്നത്. 

തിരുനബിയെ ശത്രുക്കൾ ആക്ഷേപിക്കുമ്പോൾ സ്വഹാബി പ്രമുഖനായ ഹസ്സാനു ബ്നു സാബിത്ത് (റ)നെ വിളിച്ച്  നബി (സ) പ്രതികരിക്കാൻ കൽപ്പിച്ചതും ജിബിരീൽ നിനക്ക് ശക്തി തരുമെന്നും അതിനുവേണ്ടി ഞാൻ ദുആ ചെയ്യാമെന്നും പറഞ്ഞതായി ബറാഉ ബ്നു ഹാസിബ് (റ) റിപ്പോർട്ട് ചൈതിട്ടുണ്ട്.കഅബ് ബ്നു സുഹൈറിന്റെ “ബാനത്ത്  സുആദ” എന്ന കാവ്യം ചരിത്രപ്രസിദ്ധമാണ്. ആദ്യകാലത്ത് തിരുനബി (സ്വ) ആക്ഷേപിച്ചു കൊണ്ട് കഅബ് കാവ്യം രചിച്ചപ്പോൾ നബി(സ)യുടെ മനസിന് നോവുകയും കഅബിനെ കാണുന്നിടത്തിട്ട് വെട്ടാൻ കൽപ്പിക്കുകയും ചൈതു.ഈ സമയത്താണ് കഅബിന്റെ സഹോദരൻ ബുജൈർ (റ) കഅ്ബിനോട് ഇസ്‌ലാം സ്വീകരിക്കണം അതല്ലെങ്കിൽ, മരിക്കാൻ തയ്യാറാകണം എന്നു അറിയിച്ചുകൊണ്ട് ഒരു കാവ്യം സന്ദേശമായി കൊടുത്തയക്കുന്നത്. ഇതു കണ്ട കഅബ് (റ) തിരുനബിയെ കണ്ട് മാപ്പ് പറയാൻ ഒരുങ്ങുന്നു.ഒളിച്ചുനടന്ന് ഒരു ദിവസം സുബ്ഹിക്ക് കഅബ് (റ) മദീന പള്ളിയിലെത്തുന്നു. സ്വഹാബ വാളെടുത്ത് കഅബിന്റെ നേരേ പാഞ്ഞടുക്കുമ്പോയേക്കും മഹാനവർകൾ  തിരുനബിയുടെ അരികിലേക്ക് ഓടുന്നു. അവിടെ വെച്ചാണ് “ബാനത്ത് സുആദ” എന്ന കാവ്യം പിറവി കൊള്ളുന്നത്.ബാനത്ത് സുആദ പള്ളിയിൽ വെച്ച് കഅബ് (റ) പാടിയതും തിരുനബി (സ്വ) സമ്മനമായി പുതപ്പ് നൽകിയതുമാണ് സത്യത്തിൽ പ്രകീർത്തന കാവ്യങ്ങളുടെ തുടക്കത്തിന് കാരണമായത്.തിരു നബിയുടെ പിതൃപ്യൻ അബ്ബാസ് (റ) പ്രകീർത്തനത്തിനു നബി (സ) യോട് സമ്മദം ചോദിച്ചതും അവിടുന്ന് സമ്മദം നൽകിയതും ചരിത്രമാണ്. ഹസ്സാൻ ബ്ന് സാബിത്ത് (റ) വിന്റെ മർസിയത്ത് വളരെ പ്രശസ്തമായ ഒരു കാവ്യമാണ്. ശുഅറാഉന്നബി എന്നറിയപ്പെട്ടവരായിരുന്നു കഅബ് ബ്നു മാലിക്ക് (റ),ഹസ്സാൻ ബ്നു സാബിത്ത്(റ), അബ്ദുള്ളാഹി ബ്നു റവാഹ എന്നിവർ. അൻസാരികളായിരുന്ന ഇവർ കവ്യങ്ങളുണ്ടാക്കുന്നതിൽ പരസ്പരം മത്സരിച്ചു. ഹാസ്സാനുബ്നു സാബിത്ത്(റ) വിന് നബി (സ്വ) പ്രത്യേകം ഒരു മിമ്പർ മദീന പള്ളിയിൽ ഉണ്ടാക്കി കൊടുത്തിരുന്നു.

         സ്വഹാബത്ത് കാണിച്ച വഴിലൂടെ സഞ്ചരിച്ച പിൻഗാമികളും പ്രകീർത്തന കാവ്യങ്ങൾ ഉണ്ടാക്കുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു.ഇമാം അബൂഹനീഫ (റ) ന്റെ ‘ഖസീദത്തു നുഅമാനിയ്യ’ അടക്കം നാലു ഇമാമുകൾക്കും പ്രകീർത്തന കാവ്യങ്ങളുണ്ട്. ഹിജ്റ 662 വഫാത്തായ അബൂബക്കറുൽ റഷീദുൽ ബഗ്ദാദി (റ) വിന്റെ ഖസീദത്തുൽ വിതരീയ്യ  മറ്റൊരു കാവ്യ വിസ്മയമാണ്. മുസ്‌ലിം ആത്മീയ മേഖലയിൽ എന്നും ഓർക്കപ്പെടുന്ന മഹാന്മാരാണ് ഗസ്സാലി ഇമാം, ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖസി), ശൈഖ് അഹമ്മദു കബീർ രിഫാഈ (ഖസി) എന്നിവർ.ഇവരുടെ പ്രകീർത്തന കവ്യമായ മൗലിദ് രിഫാഇ,മൗലിദ് ജീലാനി എന്നിവ ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ മഅദുസഖാഫത്തി വദിറാസത്തി ശർഖീയ്യയിലും സൗദിയിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലുമുണ്ട്. ഖുർത്തുബി (റ) മൗലിദിൽ നിന്നും ഇബ്നു ഹജർ (റ) അൽ ഇസ്വാബയിൽ ഉദ്ധരിച്ചിട്ടുണ്ട്.പ്രവചക പ്രകീർത്തനങ്ങളിൽ പ്രശസ്തമായതും അറബി സാമ്രാട്ടുകളെ ഹഠാദകർശിച്ചതുമാണ് “കവാക്കിബുൽ ദുരിയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ“ എന്ന ബൂസൂരി ഇമാമിന്റെ ബുർദ.കഅബ് ബ്നു സുഹൈറിന്റെ ബാനത്തു സുആദ കഴിഞ്ഞാൽ പിന്നീട് ആകർഷിണീയമായ പ്രകീർത്തന കാവ്യം ബുർദയാണന്നതിൽ ലോക സാഹിത്യകാരന്മാർ മുഴുവൻ സമ്മദിച്ചിരിക്കുന്നു. ബുർദ മുഴുവൻ അമിത പ്രായോഗങ്ങളാണന്നും തെറ്റാണന്നുമൊക്കെ പറയുന്ന വിരോദികളുണ്ട്. യത്ഥാർത്ഥത്തിൽ സാഹിത്യമെന്താണന്നും അറബി ഭാഷ എന്താണന്നും അറിയാത്തവർ മാത്രമാണിവർ.

         മാലികീ മദ്ഹബുകാരനായ ശൈഖ് അഹമ്മദുബ്നു ഖാസിം അൽ ഹരീരി (റ) വാണ് ശറഫുൽ അനാം രചിച്ചത്.സ്പെയ്ൻ മുസ്ലിം രാജ്യമായിരുന്ന കാലത്ത് അവിടുത്തെ വലിയ പണ്ഡിതരിൽപെട്ടയാളായിരുന്നു അദ്ധേഹം.ശറഫുൽ അനാമിലെ ‘അശ്റക്ക ബൈത്ത്’ പ്രവാചകനുരാകികളുടെ ഇഷ്ട കീർത്തനമാണ്.തിരുനബിയുടെ ജനന രംഗത്തെ അത്ഭുതസംഭവങ്ങൾ വർണിച്ചു കൊണ്ടാണ് ഹരീരി (റ) ഈ കീർത്തനം തുടങ്ങുന്നത്. ലോകത്തുള്ള പ്രവാചക പ്രേമികളിലൊരാളായി മാറി ജീവിതത്തെ ധന്യമാക്കാനും അവിടുത്തെ അനുഗ്രഹാശിസ്സുകൾ കൊണ്ട് ഇഹപര വിജയം വരിക്കാനും ഭാഗ്യമുണ്ടാകണമെന്ന ഉറച്ച തീരുമാനത്തോടെയുള്ള സഹായഭ്യാർത്തനയാണ്  കവി നടത്തുന്നത്.

          പ്രകീർത്തന കാവ്യങ്ങളുടെ ഇന്ത്യൻ സാനിദ്യത്തെ കുറിച്ച് പറയുമ്പോൾ ഉത്തരേന്ത്യയിലെ ഉറുദു കാവ്യങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല.അല്ലാമാ ഇക്ബാൽ, ഗാലിബ് ,സയ്യിദ് മീർഹസ്സൻ ,ഗുലാം ഹസ്സൻ എന്നിവരാണ് അവരിൽ പ്രധാനികൾ. അല്ലാമാ ഇക്ബാലിന്റെ അർമുഖനെ ഹിജാസ് പ്രശസ്തമായൊരു പ്രകീർത്തനകാവ്യമാണ്.അറേബിയയുടെ സമ്മാനം എന്നു മലയാളത്തിൽ അർത്ഥമുള്ള ഈ കാവ്യം മുത്ത്നബിയോട് തനിക്കുള്ള ഇശ്ഖ് അദ്ദേഹം വരച്ചുകാണിക്കുന്നുണ്ട് .
             തെക്കേഇന്ത്യയിലും പ്രകീർത്തന കാവ്യങ്ങളുടെ വിഷയത്തിൽ ഒട്ടും പിന്നിലല്ല.മഹാനായ ഉമറുൽ ഖാഹിരിയുടെ അല്ലഫയും,കായൽ പട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്ന സദഖത്തുള്ള ഖാഹിരിയുടെ കാവ്യങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്.
മലയാളികളെ ഏറെ സ്വാധീനിച്ച കാവ്യമാണ് ‘മൻഖൂസ് മൗലിദ് ‘.വൈജ്ഞാനിക കേരളത്തിന്റെ പിതാവും വിവിധ വിജ്ഞാന ശാഖകളിൽ അഗ്രഗണ്യനുമായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ രചിച്ചതാണെന്നാണ് പ്രഭലാഭിപ്രായം.ഇതു അഞ്ചാം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമാണെന്നും അഭിപ്രായമുണ്ട്.വെളിയങ്കോട് ഉമർ ഖാളിയുടെ "അൽ ഖസ്സീദത്തുൽ ഉമരിയ്യ" ഒരിക്കലും വിസ്മരിക്കാനാവില്ല.ഖസ്സീദത്തുൽ ഉമരിയ്യ എന്നു വിശ്വ പ്രസിദ്ധിനേടിയ ‘സ്വല്ലൽ ഇലാഹു‘ മദീനയിൽനിന്നാണ് വിരിയുന്നത്.ഒരു അനറബിയിൽ നിന്നും അനുസ്യുക്തമായി  ഒഴുകിവന്ന സ്നേഹ കാവ്യത്തിന്റെ മൊഴിയും നിധിയും കേട്ട് സന്നിഹിതർ ഒത്തു ചേർന്ന് ഈരടികൾക്ക്  കൂട്ടുപിടിച്ചു.തേക്കാസാഹിബും ,മോയീൻകുട്ടി വൈദ്യരുമെല്ലാം പ്രകീർത്തന കാവ്യലോകത്തിലൂടെ സഞ്ചരിച്ചവരാണ്.തിരുരങ്ങാടി ബാപ്പു ഉസ്താദിന്റെയും,കുണ്ടൂർ ഉസ്താദിന്റെയും കാവ്യലോകം മറ്റൊന്നായിരുന്നു.ബാപ്പു ഉസ്താദിന്റെ തഖ്‌മീസുകളും കുണ്ടൂർ ഉസ്താദിന്റെ ‘ആരംഭ പൂവായ‘ തുടങ്ങുന്ന പ്രകീർത്തനകാവ്യവും കേരള ജനത ഏറ്റെടുത്തിട്ടുണ്ട്.കുട്ടികൾക്കായി ഉസ്താദ് രചിച്ച "സ്വല്ലി സ്വലാത്തൻ കാമില സ്വല്ലി സ്വലാമൻ ശാമില" എന്നു തുടങ്ങുന്ന ബൈത്ത് മുത്ത് നബി (സ)വർണ്ണിക്കുന്ന പ്രകീർത്തന കാവ്യമാണ്.ഒരു റബീഉൽ അവ്വലിൽ....സമയം അർധരാത്രി കഴിഞ്ഞിരിക്കുന്നു.ഉസ്താദ് പള്ളിയിൽ കിടക്കുന്നു തൊട്ടപ്പുറത്ത് ഉസ്മാൻ സഖാഫിയുണ്ട്,നിദ്രയിലേക്ക് വഴുതിവീണ ഉസ്മാൻ സഖാഫി ഒരു മൂളൽ കേട്ട് ഞെട്ടിയുണർന്നു നോക്കുമ്പോൾ തൊട്ടടുത്ത് ഉസ്താദ് റാലിക്കു ചൊല്ലേണ്ട അറബിനശീദക്ക് ഇശൽ നൽകുകയാണ്.ആ നിദ്ര രഹിതമായ രാത്രി ഒരു സുന്ദരമായ അറബിഗാനത്തിന് പിറവി നൽകി.
       ഇനി തിരുനബിയുടെ കീർത്തനകാവ്യങ്ങൾക്കായി ഒരുമിച്ച് കൂടുന്ന പരിപാടിയെ കുറിച്ചാണ് ചിലർക്ക് വിഷാദം.അതൊന്നും പാടില്ല എന്ന് പറഞ്ഞു ഇസ്ലാമിക പ്രചാരണത്തിന്റെ വാതിലുകൾ പാടെ കൊട്ടിയടക്കുകയാണ്  നബി പ്രകീർത്തനത്തിന്റെ വിരോധികൾ ചെയ്യുന്നത്.അവർക്കു സത്യത്തിലേക്കു തിരിച്ചു വരാൻ നാഥൻ തൗഫീഖ് നൽകട്ടെ, എന്ന് നമ്മുക്ക് ദുആ ഇരക്കാം...

അഷ്റഫ് വലിയോറ

1 comment:

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...