Friday 5 January 2018

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമയി ക്രമീകരിക്കുന്നതിനാണു കവിത എന്നു പൊതുവെ പറയുന്നത്.രചനയുടെ കാവ്യ മുഖം കാവ്യേതര മുഖത്തേക്കാൾ ഹൃദയങ്ങള കീഴടക്കുന്നതിൽ ഒരു പടി മുന്നിലാണ്. സാഹിത്യ കാവ്യങ്ങളാൽ സമ്പുഷ്ടമായിരുന്നു ആറാം നൂറ്റാണ്ടിലെ ഇരുണ്ടയുഖം. സാഹിത്യതിന്റെ അത്യുന്നതത്തിൽ ജീവിച്ചിരുന്ന അക്കാലസമൂഹം മദ്യത്തിന്റെ ലഹരിയിൽപോലും തന്റെ മഹ്‌ബൂബത്തിനെ കുറിച്ച് കവിതകൾ രചിച്ച് കഅബയിൽ തൂക്കുമായിരുന്നു. അബോധാവസ്ഥയിലും സാഹിത്യം തുപ്പിയിരുന്ന അവർ കവിതകൾ എഴുതി പരസ്പ്പരം മത്സരിക്കുകയും വെല്ലുവിളികൾ നടത്തുകയും ചെയ്തിരുന്നു.

ഒരു സമുദായം അവരുടെ നബിയെ പ്രകീർത്തിക്കുക എന്നത്  തങ്ങുടെ നേതവിനോടുള്ള സ്നേഹം പ്രകടിപ്പിക്കലാണ്. നബി(സ)യോട് സ്നേഹം പ്രകടിപ്പിക്കൽ ഈമാനിന്റെ അടിസ്ഥാന ഘടകമാണെന്നതിൽ സംശയമില്ല.സാഹിത്യ സമ്പുഷ്ടമായ കാലത്തുള്ള ഖുർആനിന്റെ അവതരണം ഇസ്ലാമിലേക്കുള്ള ഒഴുക്കിന്റെ ആക്കം കൂട്ടി. അറബി സാഹിത്യകാരന്മാർ ഇസ്ലാമിലേക്ക് കടന്നുവരാനും കാരണമായി.ഹസാനുബ്നു സാബിത്ത് (റ), കഅബുബ്നു സുഹൈർ (റ), കഅബുബ്നു മാലിക്ക് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) തുടങ്ങിയവരുടെ പ്രകീർത്തന കാവ്യങ്ങൾ നബി(സ ) അംഗീകരിച്ചതും പ്രോത്സാഹനം നൽകിയതുമാണ്.

  ജാഹിലിയ്യ കാലഘട്ടത്തിലെ കാവ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്  നബി പ്രകീർത്തന കാവ്യങ്ങൾ.സ്വന്തം പ്രണയിനിയെ കുറിച്ച് എന്തു നുണയും തട്ടി വിടുക എന്ന ശൈലിയിൽ നിന്നും  വ്യത്യസ്തമായി നബി(സ ) യുടെ മഹിമകളും ശാരീരിക വർണനകൾ,ജനനവിശേഷണങ്ങൾ,അവിടത്തെ കാണാനും ആ കബർ സിയാറത്ത് ചെയ്യാനും ആഗ്രഹം ജനിപ്പിക്കുന്ന വരികൾ,യുദ്ധങ്ങൾ,സ്ഥല കാല വിശേഷങ്ങൾ എല്ലാം വിവരിക്കുന്ന പദ്യസമാഹാരങ്ങൾക്കാണ് പ്രവീർത്തന കാവ്യങ്ങൾ എന്ന് പറയുന്നത്. 

തിരുനബിയെ ശത്രുക്കൾ ആക്ഷേപിക്കുമ്പോൾ സ്വഹാബി പ്രമുഖനായ ഹസ്സാനു ബ്നു സാബിത്ത് (റ)നെ വിളിച്ച്  നബി (സ) പ്രതികരിക്കാൻ കൽപ്പിച്ചതും ജിബിരീൽ നിനക്ക് ശക്തി തരുമെന്നും അതിനുവേണ്ടി ഞാൻ ദുആ ചെയ്യാമെന്നും പറഞ്ഞതായി ബറാഉ ബ്നു ഹാസിബ് (റ) റിപ്പോർട്ട് ചൈതിട്ടുണ്ട്.കഅബ് ബ്നു സുഹൈറിന്റെ “ബാനത്ത്  സുആദ” എന്ന കാവ്യം ചരിത്രപ്രസിദ്ധമാണ്. ആദ്യകാലത്ത് തിരുനബി (സ്വ) ആക്ഷേപിച്ചു കൊണ്ട് കഅബ് കാവ്യം രചിച്ചപ്പോൾ നബി(സ)യുടെ മനസിന് നോവുകയും കഅബിനെ കാണുന്നിടത്തിട്ട് വെട്ടാൻ കൽപ്പിക്കുകയും ചൈതു.ഈ സമയത്താണ് കഅബിന്റെ സഹോദരൻ ബുജൈർ (റ) കഅ്ബിനോട് ഇസ്‌ലാം സ്വീകരിക്കണം അതല്ലെങ്കിൽ, മരിക്കാൻ തയ്യാറാകണം എന്നു അറിയിച്ചുകൊണ്ട് ഒരു കാവ്യം സന്ദേശമായി കൊടുത്തയക്കുന്നത്. ഇതു കണ്ട കഅബ് (റ) തിരുനബിയെ കണ്ട് മാപ്പ് പറയാൻ ഒരുങ്ങുന്നു.ഒളിച്ചുനടന്ന് ഒരു ദിവസം സുബ്ഹിക്ക് കഅബ് (റ) മദീന പള്ളിയിലെത്തുന്നു. സ്വഹാബ വാളെടുത്ത് കഅബിന്റെ നേരേ പാഞ്ഞടുക്കുമ്പോയേക്കും മഹാനവർകൾ  തിരുനബിയുടെ അരികിലേക്ക് ഓടുന്നു. അവിടെ വെച്ചാണ് “ബാനത്ത് സുആദ” എന്ന കാവ്യം പിറവി കൊള്ളുന്നത്.ബാനത്ത് സുആദ പള്ളിയിൽ വെച്ച് കഅബ് (റ) പാടിയതും തിരുനബി (സ്വ) സമ്മനമായി പുതപ്പ് നൽകിയതുമാണ് സത്യത്തിൽ പ്രകീർത്തന കാവ്യങ്ങളുടെ തുടക്കത്തിന് കാരണമായത്.തിരു നബിയുടെ പിതൃപ്യൻ അബ്ബാസ് (റ) പ്രകീർത്തനത്തിനു നബി (സ) യോട് സമ്മദം ചോദിച്ചതും അവിടുന്ന് സമ്മദം നൽകിയതും ചരിത്രമാണ്. ഹസ്സാൻ ബ്ന് സാബിത്ത് (റ) വിന്റെ മർസിയത്ത് വളരെ പ്രശസ്തമായ ഒരു കാവ്യമാണ്. ശുഅറാഉന്നബി എന്നറിയപ്പെട്ടവരായിരുന്നു കഅബ് ബ്നു മാലിക്ക് (റ),ഹസ്സാൻ ബ്നു സാബിത്ത്(റ), അബ്ദുള്ളാഹി ബ്നു റവാഹ എന്നിവർ. അൻസാരികളായിരുന്ന ഇവർ കവ്യങ്ങളുണ്ടാക്കുന്നതിൽ പരസ്പരം മത്സരിച്ചു. ഹാസ്സാനുബ്നു സാബിത്ത്(റ) വിന് നബി (സ്വ) പ്രത്യേകം ഒരു മിമ്പർ മദീന പള്ളിയിൽ ഉണ്ടാക്കി കൊടുത്തിരുന്നു.

         സ്വഹാബത്ത് കാണിച്ച വഴിലൂടെ സഞ്ചരിച്ച പിൻഗാമികളും പ്രകീർത്തന കാവ്യങ്ങൾ ഉണ്ടാക്കുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു.ഇമാം അബൂഹനീഫ (റ) ന്റെ ‘ഖസീദത്തു നുഅമാനിയ്യ’ അടക്കം നാലു ഇമാമുകൾക്കും പ്രകീർത്തന കാവ്യങ്ങളുണ്ട്. ഹിജ്റ 662 വഫാത്തായ അബൂബക്കറുൽ റഷീദുൽ ബഗ്ദാദി (റ) വിന്റെ ഖസീദത്തുൽ വിതരീയ്യ  മറ്റൊരു കാവ്യ വിസ്മയമാണ്. മുസ്‌ലിം ആത്മീയ മേഖലയിൽ എന്നും ഓർക്കപ്പെടുന്ന മഹാന്മാരാണ് ഗസ്സാലി ഇമാം, ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖസി), ശൈഖ് അഹമ്മദു കബീർ രിഫാഈ (ഖസി) എന്നിവർ.ഇവരുടെ പ്രകീർത്തന കവ്യമായ മൗലിദ് രിഫാഇ,മൗലിദ് ജീലാനി എന്നിവ ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ മഅദുസഖാഫത്തി വദിറാസത്തി ശർഖീയ്യയിലും സൗദിയിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലുമുണ്ട്. ഖുർത്തുബി (റ) മൗലിദിൽ നിന്നും ഇബ്നു ഹജർ (റ) അൽ ഇസ്വാബയിൽ ഉദ്ധരിച്ചിട്ടുണ്ട്.പ്രവചക പ്രകീർത്തനങ്ങളിൽ പ്രശസ്തമായതും അറബി സാമ്രാട്ടുകളെ ഹഠാദകർശിച്ചതുമാണ് “കവാക്കിബുൽ ദുരിയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ“ എന്ന ബൂസൂരി ഇമാമിന്റെ ബുർദ.കഅബ് ബ്നു സുഹൈറിന്റെ ബാനത്തു സുആദ കഴിഞ്ഞാൽ പിന്നീട് ആകർഷിണീയമായ പ്രകീർത്തന കാവ്യം ബുർദയാണന്നതിൽ ലോക സാഹിത്യകാരന്മാർ മുഴുവൻ സമ്മദിച്ചിരിക്കുന്നു. ബുർദ മുഴുവൻ അമിത പ്രായോഗങ്ങളാണന്നും തെറ്റാണന്നുമൊക്കെ പറയുന്ന വിരോദികളുണ്ട്. യത്ഥാർത്ഥത്തിൽ സാഹിത്യമെന്താണന്നും അറബി ഭാഷ എന്താണന്നും അറിയാത്തവർ മാത്രമാണിവർ.

         മാലികീ മദ്ഹബുകാരനായ ശൈഖ് അഹമ്മദുബ്നു ഖാസിം അൽ ഹരീരി (റ) വാണ് ശറഫുൽ അനാം രചിച്ചത്.സ്പെയ്ൻ മുസ്ലിം രാജ്യമായിരുന്ന കാലത്ത് അവിടുത്തെ വലിയ പണ്ഡിതരിൽപെട്ടയാളായിരുന്നു അദ്ധേഹം.ശറഫുൽ അനാമിലെ ‘അശ്റക്ക ബൈത്ത്’ പ്രവാചകനുരാകികളുടെ ഇഷ്ട കീർത്തനമാണ്.തിരുനബിയുടെ ജനന രംഗത്തെ അത്ഭുതസംഭവങ്ങൾ വർണിച്ചു കൊണ്ടാണ് ഹരീരി (റ) ഈ കീർത്തനം തുടങ്ങുന്നത്. ലോകത്തുള്ള പ്രവാചക പ്രേമികളിലൊരാളായി മാറി ജീവിതത്തെ ധന്യമാക്കാനും അവിടുത്തെ അനുഗ്രഹാശിസ്സുകൾ കൊണ്ട് ഇഹപര വിജയം വരിക്കാനും ഭാഗ്യമുണ്ടാകണമെന്ന ഉറച്ച തീരുമാനത്തോടെയുള്ള സഹായഭ്യാർത്തനയാണ്  കവി നടത്തുന്നത്.

          പ്രകീർത്തന കാവ്യങ്ങളുടെ ഇന്ത്യൻ സാനിദ്യത്തെ കുറിച്ച് പറയുമ്പോൾ ഉത്തരേന്ത്യയിലെ ഉറുദു കാവ്യങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല.അല്ലാമാ ഇക്ബാൽ, ഗാലിബ് ,സയ്യിദ് മീർഹസ്സൻ ,ഗുലാം ഹസ്സൻ എന്നിവരാണ് അവരിൽ പ്രധാനികൾ. അല്ലാമാ ഇക്ബാലിന്റെ അർമുഖനെ ഹിജാസ് പ്രശസ്തമായൊരു പ്രകീർത്തനകാവ്യമാണ്.അറേബിയയുടെ സമ്മാനം എന്നു മലയാളത്തിൽ അർത്ഥമുള്ള ഈ കാവ്യം മുത്ത്നബിയോട് തനിക്കുള്ള ഇശ്ഖ് അദ്ദേഹം വരച്ചുകാണിക്കുന്നുണ്ട് .
             തെക്കേഇന്ത്യയിലും പ്രകീർത്തന കാവ്യങ്ങളുടെ വിഷയത്തിൽ ഒട്ടും പിന്നിലല്ല.മഹാനായ ഉമറുൽ ഖാഹിരിയുടെ അല്ലഫയും,കായൽ പട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്ന സദഖത്തുള്ള ഖാഹിരിയുടെ കാവ്യങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്.
മലയാളികളെ ഏറെ സ്വാധീനിച്ച കാവ്യമാണ് ‘മൻഖൂസ് മൗലിദ് ‘.വൈജ്ഞാനിക കേരളത്തിന്റെ പിതാവും വിവിധ വിജ്ഞാന ശാഖകളിൽ അഗ്രഗണ്യനുമായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ രചിച്ചതാണെന്നാണ് പ്രഭലാഭിപ്രായം.ഇതു അഞ്ചാം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമാണെന്നും അഭിപ്രായമുണ്ട്.വെളിയങ്കോട് ഉമർ ഖാളിയുടെ "അൽ ഖസ്സീദത്തുൽ ഉമരിയ്യ" ഒരിക്കലും വിസ്മരിക്കാനാവില്ല.ഖസ്സീദത്തുൽ ഉമരിയ്യ എന്നു വിശ്വ പ്രസിദ്ധിനേടിയ ‘സ്വല്ലൽ ഇലാഹു‘ മദീനയിൽനിന്നാണ് വിരിയുന്നത്.ഒരു അനറബിയിൽ നിന്നും അനുസ്യുക്തമായി  ഒഴുകിവന്ന സ്നേഹ കാവ്യത്തിന്റെ മൊഴിയും നിധിയും കേട്ട് സന്നിഹിതർ ഒത്തു ചേർന്ന് ഈരടികൾക്ക്  കൂട്ടുപിടിച്ചു.തേക്കാസാഹിബും ,മോയീൻകുട്ടി വൈദ്യരുമെല്ലാം പ്രകീർത്തന കാവ്യലോകത്തിലൂടെ സഞ്ചരിച്ചവരാണ്.തിരുരങ്ങാടി ബാപ്പു ഉസ്താദിന്റെയും,കുണ്ടൂർ ഉസ്താദിന്റെയും കാവ്യലോകം മറ്റൊന്നായിരുന്നു.ബാപ്പു ഉസ്താദിന്റെ തഖ്‌മീസുകളും കുണ്ടൂർ ഉസ്താദിന്റെ ‘ആരംഭ പൂവായ‘ തുടങ്ങുന്ന പ്രകീർത്തനകാവ്യവും കേരള ജനത ഏറ്റെടുത്തിട്ടുണ്ട്.കുട്ടികൾക്കായി ഉസ്താദ് രചിച്ച "സ്വല്ലി സ്വലാത്തൻ കാമില സ്വല്ലി സ്വലാമൻ ശാമില" എന്നു തുടങ്ങുന്ന ബൈത്ത് മുത്ത് നബി (സ)വർണ്ണിക്കുന്ന പ്രകീർത്തന കാവ്യമാണ്.ഒരു റബീഉൽ അവ്വലിൽ....സമയം അർധരാത്രി കഴിഞ്ഞിരിക്കുന്നു.ഉസ്താദ് പള്ളിയിൽ കിടക്കുന്നു തൊട്ടപ്പുറത്ത് ഉസ്മാൻ സഖാഫിയുണ്ട്,നിദ്രയിലേക്ക് വഴുതിവീണ ഉസ്മാൻ സഖാഫി ഒരു മൂളൽ കേട്ട് ഞെട്ടിയുണർന്നു നോക്കുമ്പോൾ തൊട്ടടുത്ത് ഉസ്താദ് റാലിക്കു ചൊല്ലേണ്ട അറബിനശീദക്ക് ഇശൽ നൽകുകയാണ്.ആ നിദ്ര രഹിതമായ രാത്രി ഒരു സുന്ദരമായ അറബിഗാനത്തിന് പിറവി നൽകി.
       ഇനി തിരുനബിയുടെ കീർത്തനകാവ്യങ്ങൾക്കായി ഒരുമിച്ച് കൂടുന്ന പരിപാടിയെ കുറിച്ചാണ് ചിലർക്ക് വിഷാദം.അതൊന്നും പാടില്ല എന്ന് പറഞ്ഞു ഇസ്ലാമിക പ്രചാരണത്തിന്റെ വാതിലുകൾ പാടെ കൊട്ടിയടക്കുകയാണ്  നബി പ്രകീർത്തനത്തിന്റെ വിരോധികൾ ചെയ്യുന്നത്.അവർക്കു സത്യത്തിലേക്കു തിരിച്ചു വരാൻ നാഥൻ തൗഫീഖ് നൽകട്ടെ, എന്ന് നമ്മുക്ക് ദുആ ഇരക്കാം...

അഷ്റഫ് വലിയോറ

അനന്തദ്യൂതി



ഇരുളിലും പ്രഭമുറ്റിയ  നിലാവ്           
വചസ്സുകളിൽ സാഗരം നിർബാധം
പരമകോടിഗുണങ്ങൾ പാദത്തിനിപ്പുറം

മാലോകർക്ക്  ഉത്തമ അധ്യാപകൻ 
ജീവിത ബന്ധങ്ങളുടെ കാണാചരട് 
വൃന്ദം കൊതിക്കുന്ന മാസ്മരികത

തീക്ഷണതകളിൽ അത്ഭുത സഹനങ്ങൾ 
നീതിത്രാസിന്റെ അവാച്യ മാതൃക 
ശൂന്യമാണിവിടം പ്രതിഷേധ സംഹാരം 

തീർക്കുന്ന ചിന്തകൾ ആറ്റത്തിനുമപ്പുറം 
ശകലങ്ങൾ, ദൈർഘ്യത്തിന്റെ മടങ്ങുകൾ 
സൂക്ഷ്മതയുടെ കണങ്ങൾക്ക് കാണാവലുപ്പം 

ആസന്ന ജന്മങ്ങൾക്കധീതം തിങ്കൾ പൂരിതം 
അവശേഷിപ്പിൻ തിരുപ്പുകൾ മന്ത്യോച്ചാരണം 
ഉദ്ദീപനം ഈ ജീവിതനൗകയിൽ

മുനവ്വിർ കുഴിപ്പുറം.

വിലാപം


നീണ്ട ഇടവേളക്കു ശേഷം ഞാൻ വീണ്ടും ആഞ്ഞിരിപറമ്പിലെത്തി.ചെറുപ്പത്തിൽ മദിച്ചുകളിച്ച് നടന്ന സ്ഥലം. പറമ്പ് എനിക്ക് സുപരിചിതമായിരുന്നു.പക്ഷേ, ഇന്ന് ഇടം വലം നോക്കി ഞാൻ അതിശയിച്ചു പോയി. എനിക്ക് ഒന്നും തിരിച്ചറിയാനാകുന്നില്ല. സൗന്ദര്യം തുളുമ്പുന്ന ആഞ്ഞിരി പറമ്പിന്റെ മുഖം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. നൊമ്പരപ്പെട്ട് ഞാനൊരു മൂലയിൽ ഇരുന്നു. ആരൊടെന്നില്ലാതെ പിറുപിറുത്തു.

വല്യുമ്മയുടെ പറമ്പാണ് ആഞ്ഞിരിപ്പറമ്പ്.തേങ്ങയും, കശുവണ്ടിയും പെറുക്കാൻ വല്യുമ്മയും പേരക്കുട്ടികളും ഇടക്കിടെ വന്നിരുന്ന ഇടം.വീട്ടിൽ നിന്ന് ഉദ്ദേശം രണ്ടര മൈൽ കാണും ആഞ്ഞിരിപറമ്പിലേക്ക്.ഞായറാഴ്ചകളിലാണ് വല്യുമ്മ പറമ്പിൽ പോകാറ്. വല്യുമ്മ മുമ്പിലും പേരക്കുട്ടികൾ പിന്നിലുമായി നീണ്ട നിരയങ്ങനെ നടന്നു നീങ്ങും.പലപ്പോഴും ഞാൻ വല്യുമ്മയോട് ചോദിച്ചു:

‘ വല്യുമ്മാ, ഞാനും പോരട്ടെ പറമ്പ്ക്ക്?'

‘കുട്ട്യേ, ഇജ്ജ് ചെറ്തല്ലെ, ബല്യ കാട്ടിലൂടെ മാണം പറമ്പിലെത്താൻ.' സ്കൂളിലൊക്കെ ചേർക്കട്ടെ,ഞാൻ കൊണ്ടാകാട്ടോ,പിന്നെ കുറുക്കന്റെയും നരിയുടെയും മുട്ടുന്യായം പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം. ക്ലാസ് ടീച്ചർ പക്ഷിത്തൂവൽ ശേഖരിക്കാൻ പറഞ്ഞു.ഹിതം ഒത്തുവന്നതോടെ ഞാൻ വല്യുമ്മയെ സമ്മതിപ്പിച്ചു.ഇന്ന് എന്തായാലും ഞാൻ പോരും.

' നിക്ക് തൂവൽ ശേഖരിക്കാനാണ്, ടീച്ചർ പറഞ്ഞതാ,,,,

ങ്ഹും, ന്നാ പോരേ -- വല്യുമ്മ സമ്മതിച്ചു.

അങ്ങനെ വല്യുമ്മയും ഞാനും എളാപ്പന്റെ മക്കളും അയൽക്കാരൻ അബ്ദുവും ആഞ്ഞിരിപ്പറമ്പിലേക്ക് തിരിച്ചു.വീട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒരു മൈൽ സഞ്ചരിച്ചാൽ നിരത്തിലെത്താം. നിരത്തിൽ നിന്ന് ഒരിടവഴിയുണ്ട്. രണ്ടു വശവും ഒന്നര മീറ്റർ ഉയരത്തിൽ ആറ്റുദർശനവും കമ്മ്യൂണിസ്റ്റ് അപ്പയും ഇടതൂർന്ന് തെരുഞ്ഞ് വളർന്നുനിൽക്കുന്നു. ഇടക്ക് കശുമാവിൻ തോപ്പുകൾ കാണാം.അങ്ങിങ്ങായി കൈതത്തോപ്പുകളും.

കുറച്ചു ദൂരം നീങ്ങിക്കാണും, പക്ഷികളുടെ കലപിലകൾ കേൾക്കാം. നായ്ക്കരുടെ ഓരിയിടലുകൾ….. ഞാനാകെ പരിഭ്രമിച്ചു. അടി മുതൽ മുടിവരെ വിറച്ചു. എന്റെ വെപ്രാളം കണ്ട് അബ്ദു കളിയാക്കി.

"ഇതാണ്, ഈ പീക്കിരികളെ കൊണ്ടന്നാല് "

"പോടിച്ചാനൊന്നുല്ലാ... നമ്മളെ ഒന്നും കാട്ടൂല‘

വല്യുമ്മസമാധാനിപ്പിച്ചു.

തെച്ചിപ്പഴവും ചുള്ളിക്കയും ഞാറ് പഴവുമൊക്കെ വഴിയിൽ സുലഭമാണ്. അവ പറിച്ച് വായിലിട്ട് കാടുമൂടിയ വഴിയിലൂടെ നടന്നുനടന്ന് വെയിലിന് ചൂടുപിടിക്കുംമുമ്പ് ആഞ്ഞിരിപറമ്പിലെത്തി.

കുറച്ച് താഴ്ചയിൽ ഏകദേശം പത്തേക്കർ കാണും വല്യുമ്മയുടെ പറമ്പ്, മുച്ചൂടും കശുമാവാണ്.അങ്ങിങ്ങായി പ്ലാവുകളും കൈതച്ചെടികളും .ഇടയിൽ തെങ്ങുകളുമുണ്ട്.

പറമ്പിലേക്ക് ഇറങ്ങുന്നിടത്ത് വലിയൊരു ആൽമരമുണ്ട്.

ആൽമരത്തിൽ നിറയെ കുരങ്ങുകളും.വെയിൽ കായുന്നവർ, ചിലർ പറമ്പിലൂടെ സർകീട്ട് നടത്തുന്നു, മറ്റു ചിലർ മരത്തിൽ നിന്ന് വലിഞ്ഞുനോക്കുന്നു. ആൽമരത്തിൽ നിന്ന് തൂങ്ങി നിൽക്കുന്ന വള്ളികളിൽ ഊഞ്ഞാൽ ആടുന്ന വിരുതന്മാരുമുണ്ട്.

എല്ലാവരും വായക്ക കയ്യിൽ പിടിച്ചോളൂ, കൊരങ്ങമ്മാർക്ക് കൊടുക്കാനാ, അല്ലേൽ ഓൽ ബിടൂല മ്മളേ…..

വാനരന്മാർക്ക് പഴം എറിഞ്ഞുകൊടുത്താണ്‌ തങ്ങൾ ആഞ്ഞിരിപറമ്പിൽ ഇറങ്ങിയത്. പറമ്പിന്റെ പൊലിമയും പങ്കിട്ടും ഒന്നും പറഞ്ഞാൽ തീരൂല! പറമ്പിന്റെ കിഴക്കേ ചെരുവിൽ വലിയൊരു കരിമ്പാറയുണ്ട്. കരിമ്പാറയുടെ നെറുകയിൽ നിന്ന് നോക്കിയാൽ പറമ്പിന്റെ നാലുവശവും കാണാം.

പറമ്പിന്റെ മധ്യത്തിലൂടെ അഗാധമായ ഒരിടവഴി അവസാനിക്കുന്നത് ആൾപാർപ്പില്ലാത്ത ഒന്നു രണ്ട് എടുപ്പുകളുടെ മുമ്പിലുണ്. എടുപ്പുകൾ വല്യുപ്പയുടേതാണ്- വല്യുമ്മ പറഞ്ഞു.

പറമ്പിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് നീരുറവ ഒഴുകി വന്ന് എടുപ്പിന്റെ ചുറ്റും വെള്ളം തളം കെട്ടി നിൽക്കുകയാണ്. പറമ്പിനപ്പുറം വണ്ടികൾ ഒടുന്ന വഴികാണാം.

വല്യുമ്മയോടൊത്ത് കുന്തിച്ചിരുന്ന് നങ്ങൾ അണ്ടിപൊറുക്കി, കൈതച്ചക്കകൾ ചാക്കിലാക്കി, എല്ലാം കഴിഞ്ഞേ നങ്ങൾ വീട്ടിലേക്ക് തിരിക്കൂ.. ആഞ്ഞിരി പറമ്പിൽ നിന്ന് തിരിച്ച് വരുമ്പോൾ നിരപ്പ് കഴിഞ്ഞ് ആദ്യം കാണുന്ന വീട് കുഞ്ഞിബിയുടേതാണ്.കുഞ്ഞീബിയുടെ വീടിന്റെ ചെരുവിൽ ഒന്ന് വിശ്രമിച്ച് ദാഹമകറ്റിയ ശേഷമാണ്‌ നടത്തം തുടരുക. വല്യുമ്മയും നങ്ങളും കുഞ്ഞീബിയുടെ വീടിന്റെ അയലെത്തുമ്പോഴേക്കും കുഞ്ഞീബി നീട്ടി വിളിക്കും : പാത്തോ,ഇജ്ജ് ഇങ്ങട്ട് കയറിരിക്ക് ‘

കാലത്ത് കയറീ തല്ലേ, പള്ളന്റെ ആന്തല് മാറ്റാലോ….

മനസ്സിൽ അകാരണമായ നീറ്റൽ അനുഭവപ്പെട്ട് ദീർഘമായ ചിന്തകളിൽ നിന്ന് ഞാൻ കണ്ണുമിഴിച്ചു.ഇന്ന് എന്റെ മുമ്പിലെ ആഞ്ഞിരി പറമ്പ് മൊട്ടപ്പറമ്പാണ്. കാടും പൊന്തയും മരവുമെല്ലാം വെട്ടി നിരത്തിയിരിക്കുന്നു. ഞാൻ കുരങ്ങന്മാരുടെ ആൽമരമെവിടെ എന്നു നോക്കി. അവിടെ കൊരങ്ങോ ആൽമരമോ ഇല്ല. എല്ലാം ശൂന്യം!

മൃഗങ്ങളുടെ മോങ്ങലുകളോ പക്ഷികളുടെ കള കള ശബ്ദങ്ങളോ ഇല്ല. നാലുപാടും വിശാലമായ കല്ലുവെട്ടിക്വാറികൾ.കല്ലുവെട്ടി മെഷീന്റെ കര കര ശബ്ദം മാത്രം ബാക്കി.ആ ശബ്ദം ആഞ്ഞിരി പറമ്പിന്റെ വിലാപമായി എന്റെ കാതുകളിൽ പതിഞ്ഞു...

  മുസ്തഫ എസി ഇരുമ്പുഴി...

Thursday 4 January 2018

കണ്ണും കാതും മർകസിലേക്ക്,

മർകസ് സമ്മേളനത്തിനു കാഹളം മുഴങ്ങീട്ട് നാളേറെയായി.കർമ്മ പദ്ധതികൾ,പ്രചരണ പരിപാടികൾ,പൂർവ്വ വിദ്യാത്ഥി സംഗമങ്ങൾ എല്ലാം അടങ്ങി,സമ്മേളനത്തിനു തിരശ്ശീല ഉയരാനിരിക്കുകയാണ്...

വിദേശ പ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ നായകർ എത്തിത്തുടങ്ങി.

സ്നേഹ ജനങ്ങൾ മർകസിലേക്ക് ഒഴുകാനുള്ള തയ്യാറെടുപ്പിലാണ്.
കണ്ണും കാതും മർകസിലേക്ക്:വൈജ്ഞാനിക ഭൂമികയെ കൂടുതലറിയാൻ,അമരക്കാരനെ കേൾക്കാൻ..


സമ്മേളനം കേവലം മർകസിന്റെ ആഘോഷമായി കണ്ടൂട, മലയാളിയുടെ, അതിലുപരി രാജ്യത്തിന്റെ തന്നെ അഹങ്കാരമാണ് മർകസ്.ഭംഗിവാക്കു പറഞ്ഞതല്ല,മർകസ് ഇന്ന് രാജ്യത്തെ മുഴുക്കെ അഭിമുഖീകരിക്കുന്നുണ്ട്.വിരലിലെണ്ണാവുന്ന അനാഥകളുടെ കണ്ണീരൊപ്പിയായിരുന്നു തുടക്കം.40 വർഷത്തിനിടയിൽ വൈജ്ഞാനിക സാംസ്കാരികരംഗത്ത് ചടുലമായ മുന്നേറ്റം തന്നെ നടത്തി.നവോത്ഥാനമെന്ന് വിളിക്കാം ഈ മുന്നേറ്റത്തെ.ഇരുപതിൽപരം സംസ്ഥാനങ്ങളിൽ മേൽവിലാസമുണ്ട് ഇന്ന് മർകസിന്, സ്വന്തം കാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ മാത്രം മുക്കാൽ ലക്ഷം കവിഴും, ഇന്നും പന്തിനായിരങ്ങൾ വിദ്യ നുകർന്നു കൊണ്ടിരിക്കുന്ന വിജ്ഞാന കേന്ദ്രം.മർകസ് അഭയം നൽകിയ നിരാലംബരർക്ക് കയ്യും കണക്കുമില്ല, മർകസിന്റെ ‘തണ്ണീർ ജലം' കൊണ്ട് ദാഹമകറ്റുന്ന കുടുംബങ്ങൻ രാജ്യത്തുടനീളമുണ്ട്.തളിർത്തു നിൽക്കുന്ന പരസഹസ്യങ്ങൾ വേറെയും...


ചെറിയ കാലയളവിൽ മർകസ് നേടിയ വിപ്ലവം ആരെയാണ് അതിശയിപ്പിക്കാത്തത്!
എങ്ങനെ സാധ്യമായെന്ന ചോദ്യം സ്വോഭാവികം?

ഉത്തരം ലളിതമാണ്;പ്രായം തളരാത്ത, ആരോപണങ്ങളെ കൊണ്ട് തകരാത്ത ഒരു നേതാവുണ്ട് അമരത്ത്!!

ആ നേതാവിന്റെ അർപ്പണബോധവും ദീർഘവീക്ഷണവുമായിരുന്നു ഇതിനു പിന്നിൽ. ജീവിതം തന്നെ സമുദായത്തിനും സമൂഹത്തിനും മാറ്റി വെച്ച വ്യക്തിത്വം!
കൈരളിക്കു സുപരിചിതമായ നാമം: കാന്തപുരം ഉസ്താദ്.

അമരക്കാരനെ കുറിച്ച് അൽപം,
കൃത്യമായ നയ നിലപാടുകളാണ് ഉസ്താദിനെ വളർത്തിയത്, ഉറച്ച നിലപാട് ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കാരണമായി.ഒരു പറ്റം അനുയായികളെയും അതുപോലെ വിരോധികളെയും സമ്പാദിച്ചു തരുകയും ചെയ്തു.രാഷ്ട്രീയ സമീപനമാണ് ഏറെ പഴി കേർപ്പിച്ചത്.ആദ്യം കമ്മ്യൂണിസ്റ്റ് ആചാര്യനാക്കി, ഇന്ന് കാവി മൊല്ല, അവസരവാദി ഇദ്യാതി വിശേഷണങ്ങളെക്കൊണ്ട് പൊങ്കാല ചാർത്തി. പക്ഷേ, ഉസ്താദിന്റെ നിലപാടുകൾ അന്നും ഇന്നും ഒന്നായിരുന്നു.കക്ഷിരാഷ്ട്രീയത്തിനിടയിൽ വേർത്തിരിവില്ലാത്ത സമീപനം, ഭരണത്തിലിരിക്കുന്നവരുടെ പാർട്ടി നോക്കാതെ ‘സർക്കാർ‘ എന്ന തലത്തിൽ ഇടപഴകി. വാങ്ങിക്കാനുള്ളത് ചോദിച്ചുവാങ്ങി. പറയാനുള്ളത് തുറന്ന് പറഞ്ഞു.

എത്ര സുതാര്യം!

സവർണ്ണ ഫാഷിസത്തോട് വിധേയപ്പെട്ടവനായി ചിത്രീകരിക്കുന്നവരോട്, സഹതാപം!. സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എന്തും വിളിച്ചു കൂവാം, സമൂഹത്തിലേക്കിറങ്ങി പണിയെടുക്കണം നിങ്ങൾ, കൈ നനയുമ്പോഴേ കാര്യം തിരിയൂ…
ഉസ്താദിന്റെ നിലപാടുകളെ സൂക്ഷമായി നിരീക്ഷിക്കുകയാണെങ്കിൽ, ഞാൻ ഉറപ്പിച്ചു പറയാം, അദ്ദേഹത്തിന്റെ ഉൾക്കാഴ്ചക്കു മുമ്പിൽ, ദീർഘവീക്ഷണത്തിനു മുമ്പിൽ നിങ്ങൾ നമിച്ചുപോകും.

പറഞ്ഞതിന്റെ താൽപര്യം, എല്ലാ നിലപാടുകളും നിങ്ങൾ ഉൾക്കൊള്ളണമെന്നോ, നിങ്ങളുടെ ബുദ്ധിയെയും വിവേകത്തെയും വ്യക്തികൾക്ക് പണയപ്പെടുത്തണമെന്നോ അല്ല.!

നിലപാടുകളിൽ ഭിന്നാപിപ്രായം സ്വാഭാവി മാണ്. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അവരവരുടെ വഴികളുണ്ട്. ആരോഗ്യപരമായ വിമർശനങ്ങൾ സ്വാഗതാർഹം തന്നെ..

കഥയറിയാതെ കല്ലെറിയുന്നവരോട്,നിലപാടുകളെയും വിട്ട് വ്യക്തിഹത്യകൾ നടത്തുന്നവരോട്, അവരോടാണ് എന്റെ സംസാരം.നിങ്ങൾ ഉസ്താദിനെ വായിക്കേണ്ടത് സേവനങ്ങളിലൂടെയാണ്, വിശന്നവന് ഭക്ഷണം നൽകുന്ന,നിരക്ഷരന് ജ്ഞാനം വിളമ്പുന്ന,രോഗിക്ക് സാന്ത്വനമോതുന്ന, അനാഥ അഗതികൾക്ക് സംരക്ഷണം നൽകുന്ന കാന്തപുരത്തെ വായിക്കൂ…


അഖില ലോക കാന്തപുരം വിരോധികളോട്,*
നിങ്ങളൊന്ന് മർകസിൽ വരണം,
മർകസിന്റെയും ഉസ്താദിന്റെയും പ്രവർത്തനങ്ങളെ കൺകുളിർക്കെ കാണണം……


NB: ഒരറ്റ സന്ദർശനംതന്നെ പല മഞ്ഞക്കണ്ണാടികളും ഊരിവെക്കാൻ കാരണമായേക്കും


റൂബി ജൂബിലിക്ക് അഭിവാദ്യങ്ങൾ,,
                            ⁦
✍️മുസ്തഫ ഇരുമ്പുഴി⁩

Saturday 30 December 2017

Thursday 28 December 2017

ആഘോഷിക്കാനൊരു നാൾ,


വിശ്വാസി ലോകത്തിന്റെ അനുഗ്രഹീത നായകൻ മുത്ത് മുഹമ്മദ്(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ വിശുദ്ധമാസമാണ് റബീഉൽ അവ്വൽ. വിശ്വാസി ഹൃദങ്ങളെ അനുരാഗത്തിന്റെ നിർവൃതിയിലാക്കിയ ആ വിശുദ്ധ ജന്മം അകില ലോക ജനങ്ങളും ആഘോഷത്തിന്റെ നിമിഷങ്ങളായ് കൊണ്ടാടുകയും ചെയ്യുന്നു.
തിരു നബി(സ്വ)യുടെ മദ്‌ഹുകൾ പദ്യമായും ഗദ്യമായും ഉച്ചരിക്കലും, തിരുപ്പിറവിയിൽ സന്തോഷം പ്രകടിപ്പിക്കലും ഖുർആൻ-ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതും അതിലുപരി കർമ്മശാസ്ത്ര പണ്ഡിതർ പുണ്യകർമ്മമായി വിഷതീകരിച്ചതുമാണ്.സമീപ കാലം വരെ അവിതർക്കിതമായി നടന്നു വന്ന ഈ കർമ്മത്തിനെതിരെ ചിലർ ഇപ്പോൾ ശബ്ദം ഉയർത്തുന്നുണ്ട്. നബി (സ) യെ ചെറുതായി ചിത്രീകരിക്കുന്നതിൽ രസം കണ്ടെത്തുന്ന ബിദ്അത്തുകാരുടെ ആലയങ്ങളാണ് ഇതിന്റെ പ്രഭവകേന്ദ്രങ്ങൾ. മുൻകാല വഹാബികളും,ബിദഈ പക്ഷക്കാരും ഒരുപോലെ സമ്മതിച്ചതും ആഘോഷിക്കാൻ ആഹ്വാനം നടത്തിയതുമായ നബിദിനാഘോഷം പിന്നീടെങ്ങനെ കുഫ്രിയത്തായി ?
തിരുപ്പിറവിയിലുള്ള ആഘോഷങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ ജന്മദിനാഘോഷത്തെ എതിർത്തു കൊണ്ട് സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഒരു പറ്റം മുസ്ലിം നാമധാരികൾ.ലോക മുസ്ലിംങ്ങളുടെ മുഴുവൻ വിശ്വാസങ്ങളും ആചാരങ്ങളും പിഴച്ചതാണെന്നും പഴമക്കാരുടെ പഴഞ്ചൻ ശൈലികള തിരുത്തപ്പെടേണ്ടതാണെന്നും മുത്ത് നബിയുടെ ജന്മദിനത്തിനെയും എതിർക്കപ്പെടേണ്ടതാണെന്നും അവർ വാദിക്കുന്നു.
ജന്മദിനാഘോഷം അനുവദനീയമാണെന്നതിനു തെളിവുകൾ നിരവദിയാണ്.
അള്ളാഹു പറയുന്നു: എന്റെ ഭാഗത്തു നിന്നും വല്ല അനുഗ്രഹവും നിങ്ങൾക്കു ലഭിച്ചാൽ അതിൽ നിങ്ങൾ സന്തോഷം പ്രകടിപ്പിക്കണം. മറ്റൊരു സ്ഥലത്ത് പറയുന്നു.'ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ ഞാൻ അയച്ചിട്ടില്ല' ആയതിനാൽ മുത്ത് നബിയുടെ നിയോഗം വിശ്വാസി ലോകത്തിനുള്ള അനുഗ്രഹമാണ്. ആ അനുഗ്രഹത്തിൽ ആഘോഷിക്കാനും സന്തോഷം പ്രകടിപ്പിക്കാനും അള്ളാഹു തന്നെ കൽപിച്ചിട്ടിമുണ്ട്.
ദീനിന്റെ പൂർത്തീകരണത്തെ കുറിക്കുന്ന സൂറതുൽ മാഇദയിലെ മൂന്നാം സൂക്തമിറങ്ങിയപ്പോൾ സ്വഹാബികൾ വളരെയധികം സന്തോഷിക്കുകയും ആ സന്തോഷം അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ഇമാം റാസി(റ) രേഖപ്പെടുത്തുന്നു.ചുരുക്കത്തിൽ തിരുപ്പിറവി റഹ്മത്താണെന്നും ആ റഹ്മത്തിൽ സന്തോഷിക്കണമെന്നും ഖുർആൻ ഇവിടെ വ്യക്തമാക്കുന്നു. മാത്രമല്ല വിശുദ്ധ ഹദീസുകളിലും ധാരാളം സംഭവങ്ങൾ കാണാം.നബി തങ്ങളുടേയും മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും മദ്ഹ് ആലപിക്കുന്ന സ്വഹാബികളെ മുത്ത് നബി പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്ക് ചേരുകയും ചെയ്ത വിശദീകരണങ്ങൾ ധാരാളം കാണാം.
ഇബ്നു അബ്ബാസ്(റ) പറയുന്നു.സ്വഹാബികളിൽ ചിലർ ഒരു സ്ഥലത്ത് ഒരുമിച്ച് കുടി സംസാരിക്കുകയായിരുന്നു. അപ്പോൾ നബി(സ) അവരുടെ അടുത്തേക്ക് കയറിവന്നു. ആ സമയം,ഒരാൾ പറഞ്ഞു.:ഇബ്റാഹീം നബി(അ)നെ അല്ലാഹു ആത്മ സുഹൃത്താക്കിയിരിക്കുന്നു.
അപ്പോൾ മറ്റൊരാൾ: മൂസാ നബി അള്ളാഹുവുമായി സംഭാഷണം നടത്തിയിട്ടുണ്ട്.
ഉടന്നെ വേറെ ഒരാൾ: ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അവനിൽ നിന്നുള്ള പരിശുദ്ധാത്മാവുമാണ്.ആദം നബ(അ)യെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ഇതെല്ലാം കേട്ടു നിന്ന നബി തങ്ങൾ പറഞ്ഞു:
''നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എങ്കിൽ അറിയുക, ഞാൻ അല്ലാഹു വിന്റെ ഹബീബാണ്. അന്ത്യദിനത്തിൽ ആദ്യമായി ശുപാർശ പറയുന്ന ആളും സ്വീകരിക്കപ്പെടുന്ന ആളും ഞാനായിരിക്കും. മാത്രമല്ല അന്ത്യദിനത്തിൽ ശുപാർശ ചെയ്യുന്നവനും, സ്വീകരക്കപ്പെടുന്നവനും, സ്വർഗ്ഗത്തിന്റെ വട്ടക്കണ്ണികൾ ആദ്യമായി പിടിച്ചുകുലുക്കുന്നയാളും ഞാനാണ് "
തിരു നബി തന്നെ നബിയുടെ മദ്ഹ് പറഞ്ഞു കൊണ്ടാണ് ഇവിടെ സ്വഹാബത്തിനോട് ഉപദേശിക്കുന്നത്.
ഒരിക്കൽ സ്വഹാബാക്കൾ തിങ്കളാഴ്ച ദിവസം നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ച് നബിയോട് ചോദിച്ചു, അവിടുന്ന് പറഞ്ഞു:
‘'അത് ഞാൻ ജനിച്ച ദിവസമാണ്. ഞാൻ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നു തന്നെ‘'
വർഷത്തിലെന്നല്ല എല്ലാ ആഴ്ചയും ജന്മദിനമായ തിങ്കളാഴ്ച വരുമ്പോൾ അതിനെ സ്മരിക്കണമെന്നാണ് നബി തങ്ങൾ പഠിപ്പിച്ചത്.
അതുപോലെ നബി തങ്ങളുടെ കാലത്ത് ഒരു പാട് സംഭവങ്ങൾ ജന്മദിനം ആഘോഷിക്കാം അത് അനിസ്ലാമികമല്ല എന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.ഒരു സംഭവം ഉദ്ദരിക്കാം: നബിയുടെ ജീവിതകാലത്ത് തന്നെ ബഹുമാനപ്പെട്ട ഈസാ നബി(അ)ന്റെ ജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചിരിന്നു.ഈസാ നബി(അ)ന്റെ ജന്മദിനാഘോഷം നബി തങ്ങളുടെ ജീവിതകാലത്തായിരിക്കേ, അവരെക്കാൾ സ്ഥാനമാനങ്ങളു ഉടയതായ തന്റെ ജന്മദിനം ഇതിലും ഗംഭീരമായി ആഘോഷിക്കപ്പെടുമെന്ന് നബി തങ്ങൾ അറിഞ്ഞിരിക്കെ അത് തെറ്റാണെന്നോ, കുഫ്രിയത്താണെന്നോ റസൂലുള്ള പറഞ്ഞിട്ടില്ല.
അതുപോലെ തന്നെ അബൂലഹബ് എന്ന കൊടിയ തെമ്മാടി മരണപ്പെട്ടതിനു ശേഷം ഇബ്നുഅബ്ബാസ്(റ) സ്വപ്നത്തിൽ കണ്ട സമയം അവരോട് പറഞ്ഞു:
‘വളരെ പ്രയാസമാണ്,സന്തോഷികാനുള്ള ഒരു വകയുമില്ല.എങ്കിലും,എനിക്കൊരു സന്തോഷമുണ്ട്. ആദരവായ നബി തങ്ങൾ ജനിച്ച സമയം എന്റെ അടിമ സുവൈബത്തിനെ മോചിപ്പിച്ചതിനാലുള്ള ഗുണം,അതു മാത്രമാണ് എനിക്കുള്ള ആശ്വാസം'
ചരിത്രം നൽകുന്ന പാഠം: കഠിനമായ തെമ്മാടിയിട്ടു പോലും, റസൂലിന്റെ ജന്മദിനത്തിൽ സന്തോഷിച്ചതിൽ ഫലമുണ്ടായിയെന്നുതന്നെ.
എന്നാൽ ആധുനിക വഹാബിസം ഈ ഹദീസിനെയും വക്രീകരിക്കുന്നതിൽ അമാന്തിച്ചില്ല.ഹദീസ് ദുർബലമാണെന്നും വിശ്വസനീയമല്ലെന്നുമാണ് അവരുടെ വിശദീകരണം. എന്നാൽ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിച്ചതിനല്ല, അടിമയെ മോചിപ്പിച്ചതിനാലുള്ള ഗുണമാണ് അബൂലഹബ് അനുഭവിക്കുന്നത് എന്നും ചില വഹാബികൾ പ്രചരിപ്പിക്കുന്നു. പക്ഷേ, ഒരു കാഫിറായ മനുഷ്യനിൽ നിന്നും എങ്ങനെ യാണ് കർമ്മങ്ങൾ സ്വീകാര്യമാവുക എന്ന ചോദ്യത്തിന് മുട്ടുമടക്കുകയേ ഇവർക്ക് നിർവാഹമുള്ളൂ.
പ്രശസ്ത കർമ്മശാസ്ത്ര പണ്ഡിതർ നബിദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുകയും പുണ്യകരമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ധീൻ സുയൂത്വി(റ) തുടങ്ങിയവർ അവരിൽ പെട്ടവരാണ്.ഇമാം നവവി(റ)ന്റെ ഉസ്താദായ ബഹുമാനപ്പെട്ട അബൂശാമ (റ) പറയുന്നു:
‘നബി (സ) യുടെ ജന്മദിനത്തോട് യോജിച്ച് വരുന്ന ദിവസങ്ങളിൽ എല്ലാ വർഷവും നടത്തി വരുന്ന ദാന ധർമ്മം, സൽകർമ്മം,സന്തോഷ പ്രകടനം തുടങ്ങിയവ നല്ല ആചാരങ്ങളാണ്.കാരണം ഇത്തരം പരിപാടികൾ കൊണ്ട് സാധുക്കൾക്ക് ഗുണം ചെയ്യലും, ജനങ്ങളുടെ ഹൃദയത്തിൽ നബി(സ)യുള്ള സ്നേഹവും ആദരവും വളർത്തലും,നന്ദി പ്രകടിപ്പിക്കലും ഇതിലുണ്ട്.

ഇങ്ങനെ മുൻഗാമികളായ മഹത്തുക്കളെല്ലാം വിശദീകരിച്ചതും വ്യക്തമാക്കിയതുമായ നബിദിനാഘോഷത്തിന്റെ കാരണങ്ങൾ വർത്തമാന വഹാബികൾക്കെങ്ങനെ കുഫ്രിയത്തായി എന്നത് അതിശയകരം തന്നെ!
മുൻഗാമികളായ വഹാബികൾ മുഴുക്കെ അംഗീകരിച്ചതും, പ്രഖ്യാപിച്ചതുമായ നബിദിനാഘോഷത്തിന്റെ ചില ഉദാഹരണങ്ങൾ:വഹാബി നേതാവായിരുന്ന ഇ.കെ മൗലവി എഴുതിയത് വായിക്കാം: റബീഉൽ അവ്വൽ ഒന്നുമുതൽ നബി തങ്ങളുടെ മൗലിദ് കൊണ്ടാടുന്ന സമ്പ്രദായം മശ്രിഖ് മുതൽ മഗ്രിബ് വരെ നടന്നു വരുന്നതാണല്ലോ? മുസ്ലിംകൾ താമസിച്ചു വരുന്ന ഒരു രാജ്യത്തും ഈ ആചാരം ഇല്ലെന്നു പറയാൻ സാധിക്കില്ല.
(അൽമുർഷിദ് ലക്കം5/24)
നബിദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുന്നതും പുണ്യ കർമ്മമാണെന്ന് പറയുന്നതും മുൻ കഴിഞ്ഞ വഹാബികളുടെ ലേഖനങ്ങളിൽ സുലഭമാണ്. വഹാബീ കൂടാരത്തിന്റെ  നേതാവ് ഇബ്നു തൈമിയ്യ വരെ നബിദിനാഘോഷത്തെ അംഗീകരിച്ചു വിശദീകരിച്ചവരാണ്. എന്നാൽ നേതൃനിരയിലെ വീക്ഷണങ്ങളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ഈയൊരു പുണ്യ കർമ്മത്തെ എതിർക്കില്ലായിരുന്നു.
നബി തങ്ങളുടെ മദ്ഹ് കീർത്തനങ്ങളെ ആക്ഷേപിക്കുന്നതിലും ഇവർ ഒട്ടും പിറകിലല്ല.എന്നാൽ ഈ വിവാദങ്ങൾക്കും അവരുടെ നേതൃത്വം അംഗീകരിച്ച തെളിവുകൾ തന്നെ അനവധിയാണ്. നബി തങ്ങളുടെ സാന്നിധ്യത്തിൽ കഅ്ബ് ബ്നു സുഹൈർ(റ)വിനെ പോലുള്ളവർ ഗാനം ആലപിച്ചതും പാരിതോഷികമായി നബി തങ്ങൾ പുതപ്പും നൂറ് ഒട്ടകവും കൊടുത്തതും വിശ്വസനീയമായ റിപ്പോർട്ടുകളെ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അള്ളാഹുവിന്റെയും, റസൂലുള്ളാഹി (സ) യുടെയും വിശേഷണങ്ങൾ അവരോടുള്ള സ്നേഹം തുടങ്ങിയവയെ പറ്റി ഗാനം ആലപിക്കൽ ഇബാദത് തന്നെയാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ മുത്ത് നബിയുടെ ജന്മദിനം ആഘോഷിക്കലും ആ ദിവസത്തിൽ മൗലിദ്, സ്വലാത്ത്, മറ്റു പ്രകീർത്തന സദസ്സുകൾ, റാലികൾ ഇവയെല്ലാം സംഘടിപ്പിക്കൽ ഇസ്ലാമികം തന്നെ. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതുമാണ്.

ഭീകരതയുടെ നൂറാം വാർഷികം


1917 നവംബർ 2, ലോക ജനതയെ എന്നെന്നും നാണിപ്പിക്കുന്ന തരത്തിൽ ഭീകരതയുടെ കേന്ദ്രമായി ലോക രാഷ്ട്രങ്ങളാൽ അംഗീകരിക്കപ്പെട്ട ജൂത സയണിസ്റ്റ് രാഷ്ട്രത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സഹചര്യത്തിൽ, ആധുനിക ലോകക്രമങ്ങളിൽ സംഭവിച്ച ഭീകരതയുടെ ചരിത്രത്തിന്റെ പുനർവായനക്ക് പ്രസക്തിയേറെയാണ്.
ഭീകരതയുടെ കുത്തകവകാശം ഇസ്ലാമിന്റെ മേൽ ചാർത്തുന്ന ഏതൊരു വ്യക്തിയും ഫലസ്തീന്റെ മണ്ണിൽ രൂപം കൊണ്ട ജൂതരാഷ്ട്രം,രൂപീകത്തിനു തറ പാകിയ ‘ബാൽഫർ ഡിക്ലറേഷൻ', തുടർന്ന് നടന്ന ഇസ്രയേലിന്റെ കിരാതവാഴ്ചകൾ, ഗൂഡനീക്കങ്ങൾ, എന്നിവയിലേക്ക് കണ്ണുതുറക്കേണ്ടതുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിൽ ഭീകരതയുടെ സർവ്വാസ്ത്രങ്ങളും ഫലസ്തീനു നേരെ പ്രയോഗിച്ച സന്ദർഭം, അറബ് രാജ്യങ്ങളോടപ്പം ഫലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നതിൽ മുന്നിരയിൽ നിന്നിരുന്ന രാജ്യമായിരുന്നു നമ്മുടെ ഭാരതം.അൻപതുകളിൽ നെഹ്റുവും പിന്നീട് ഇന്ദിരയും രൂപപ്പെടുത്തിതന്നത് ഇരകൾ കൊപ്പം നിൽക്കുന്ന നയ-നിലപാടുകളായിരുന്നു. ഉന്നത രാഷ്ട്രങ്ങളുടെ കണ്ണുരുട്ടലുകളിൽ വീഴാതെ ഫലസ്തീന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സഹായ-സാന്ത്വന മന്ത്രങ്ങളോതിയ നാളുകൾ നമുക്ക് അന്യമാകുന്നുവോ?
കേവലമായ ശങ്കയല്ല, മോദി രൂപപ്പെടുത്തുന്ന വിദേശനയങ്ങൾ നൽകുന്ന സൂചന ഇതാണ്.മോദി,ട്രംപ്,നെതന്യാഹു അച്ചുതണ്ട് നൽകുന്ന സന്ദേശം വ്യക്തമാണ്.മോദിയുടെ ഇസ്രയേൽ യാത്ര ഭീകരതക്കുള്ള അംഗീകാരമായി കാണാവതല്ലെങ്കിലും ഭീകരതയുടെ മുറിവുണങ്ങാത്ത ഫലസ്തീനെ അവഗണിച്ചത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.കാരണം ഫലസ്തീൻ വിമോചന നേതാവും അമേരിക്കയുടെ കണ്ണിലെ കരടുമായിരുന്ന യാസർ അറഫാത്തിന്റെ ഫലസ്തീനോട് വരെ സൗഹ്യത ചർച്ചകൾ നടത്തിപ്പോന്ന രാജ്യമാണ് നമ്മുടേത്. ദീർഘകാലം അടിമകളായി ജീവിച്ച ഭാരതീയന് കോളനി വാഴ്ചയുടെ നീരസം ആരും പറഞ്ഞറീക്കേണ്ടതില്ലല്ലോ.
കോളനിക്കാല  അനുഭവങ്ങളായിരുന്നു ഭാരതീയരെ എന്നും ഇരകൾക്കൊപ്പം നിൽക്കാനും ഭീകരതയെ ചെറുക്കാനും പ്രേരിപ്പിച്ചിരുന്നത്.

ആഗോള തലത്തിൽ ഭീകരത ചർച്ചചെയ്യുമ്പോൾ ഭീകരതയുടെ ഏറ്റവും വലിയ ഇരകളെ കുറിച്ച് മൗനം ഭജിക്കുന്നത് വലിയ അപരാതം തന്നെയാണ്. വർഗീയ ശക്തികളുടെ ഗൂഡതന്ത്രങ്ങളാൽ ഇന്ന് ഭീകരതയുടെ വാക്താക്കളായി ഒരു വിഭാഗം വിശ്വാസികളെ മുദ്രകുത്തപ്പെട്ടിരിക്കുന്നു. യഥാത്ഥ ഭീകരർ മുഖമ്മൂടിക്കുള്ളിൽ നിന്ന് ലോകത്തെ നോക്കി ചിരിക്കുന്നു. ജനാധിപത്യത്തിന്റെ മഹനീയ പാതയിൽ മുന്നേറുക മാത്രമാണ് ഭീകരതയെ തുടച്ചു നീക്കാനുള്ള ഏക പരിഹാരമാർഗം.

അയ്യൂബ് കാവനൂർ

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...