Friday 5 January 2018

വിലാപം


നീണ്ട ഇടവേളക്കു ശേഷം ഞാൻ വീണ്ടും ആഞ്ഞിരിപറമ്പിലെത്തി.ചെറുപ്പത്തിൽ മദിച്ചുകളിച്ച് നടന്ന സ്ഥലം. പറമ്പ് എനിക്ക് സുപരിചിതമായിരുന്നു.പക്ഷേ, ഇന്ന് ഇടം വലം നോക്കി ഞാൻ അതിശയിച്ചു പോയി. എനിക്ക് ഒന്നും തിരിച്ചറിയാനാകുന്നില്ല. സൗന്ദര്യം തുളുമ്പുന്ന ആഞ്ഞിരി പറമ്പിന്റെ മുഖം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. നൊമ്പരപ്പെട്ട് ഞാനൊരു മൂലയിൽ ഇരുന്നു. ആരൊടെന്നില്ലാതെ പിറുപിറുത്തു.

വല്യുമ്മയുടെ പറമ്പാണ് ആഞ്ഞിരിപ്പറമ്പ്.തേങ്ങയും, കശുവണ്ടിയും പെറുക്കാൻ വല്യുമ്മയും പേരക്കുട്ടികളും ഇടക്കിടെ വന്നിരുന്ന ഇടം.വീട്ടിൽ നിന്ന് ഉദ്ദേശം രണ്ടര മൈൽ കാണും ആഞ്ഞിരിപറമ്പിലേക്ക്.ഞായറാഴ്ചകളിലാണ് വല്യുമ്മ പറമ്പിൽ പോകാറ്. വല്യുമ്മ മുമ്പിലും പേരക്കുട്ടികൾ പിന്നിലുമായി നീണ്ട നിരയങ്ങനെ നടന്നു നീങ്ങും.പലപ്പോഴും ഞാൻ വല്യുമ്മയോട് ചോദിച്ചു:

‘ വല്യുമ്മാ, ഞാനും പോരട്ടെ പറമ്പ്ക്ക്?'

‘കുട്ട്യേ, ഇജ്ജ് ചെറ്തല്ലെ, ബല്യ കാട്ടിലൂടെ മാണം പറമ്പിലെത്താൻ.' സ്കൂളിലൊക്കെ ചേർക്കട്ടെ,ഞാൻ കൊണ്ടാകാട്ടോ,പിന്നെ കുറുക്കന്റെയും നരിയുടെയും മുട്ടുന്യായം പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം. ക്ലാസ് ടീച്ചർ പക്ഷിത്തൂവൽ ശേഖരിക്കാൻ പറഞ്ഞു.ഹിതം ഒത്തുവന്നതോടെ ഞാൻ വല്യുമ്മയെ സമ്മതിപ്പിച്ചു.ഇന്ന് എന്തായാലും ഞാൻ പോരും.

' നിക്ക് തൂവൽ ശേഖരിക്കാനാണ്, ടീച്ചർ പറഞ്ഞതാ,,,,

ങ്ഹും, ന്നാ പോരേ -- വല്യുമ്മ സമ്മതിച്ചു.

അങ്ങനെ വല്യുമ്മയും ഞാനും എളാപ്പന്റെ മക്കളും അയൽക്കാരൻ അബ്ദുവും ആഞ്ഞിരിപ്പറമ്പിലേക്ക് തിരിച്ചു.വീട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒരു മൈൽ സഞ്ചരിച്ചാൽ നിരത്തിലെത്താം. നിരത്തിൽ നിന്ന് ഒരിടവഴിയുണ്ട്. രണ്ടു വശവും ഒന്നര മീറ്റർ ഉയരത്തിൽ ആറ്റുദർശനവും കമ്മ്യൂണിസ്റ്റ് അപ്പയും ഇടതൂർന്ന് തെരുഞ്ഞ് വളർന്നുനിൽക്കുന്നു. ഇടക്ക് കശുമാവിൻ തോപ്പുകൾ കാണാം.അങ്ങിങ്ങായി കൈതത്തോപ്പുകളും.

കുറച്ചു ദൂരം നീങ്ങിക്കാണും, പക്ഷികളുടെ കലപിലകൾ കേൾക്കാം. നായ്ക്കരുടെ ഓരിയിടലുകൾ….. ഞാനാകെ പരിഭ്രമിച്ചു. അടി മുതൽ മുടിവരെ വിറച്ചു. എന്റെ വെപ്രാളം കണ്ട് അബ്ദു കളിയാക്കി.

"ഇതാണ്, ഈ പീക്കിരികളെ കൊണ്ടന്നാല് "

"പോടിച്ചാനൊന്നുല്ലാ... നമ്മളെ ഒന്നും കാട്ടൂല‘

വല്യുമ്മസമാധാനിപ്പിച്ചു.

തെച്ചിപ്പഴവും ചുള്ളിക്കയും ഞാറ് പഴവുമൊക്കെ വഴിയിൽ സുലഭമാണ്. അവ പറിച്ച് വായിലിട്ട് കാടുമൂടിയ വഴിയിലൂടെ നടന്നുനടന്ന് വെയിലിന് ചൂടുപിടിക്കുംമുമ്പ് ആഞ്ഞിരിപറമ്പിലെത്തി.

കുറച്ച് താഴ്ചയിൽ ഏകദേശം പത്തേക്കർ കാണും വല്യുമ്മയുടെ പറമ്പ്, മുച്ചൂടും കശുമാവാണ്.അങ്ങിങ്ങായി പ്ലാവുകളും കൈതച്ചെടികളും .ഇടയിൽ തെങ്ങുകളുമുണ്ട്.

പറമ്പിലേക്ക് ഇറങ്ങുന്നിടത്ത് വലിയൊരു ആൽമരമുണ്ട്.

ആൽമരത്തിൽ നിറയെ കുരങ്ങുകളും.വെയിൽ കായുന്നവർ, ചിലർ പറമ്പിലൂടെ സർകീട്ട് നടത്തുന്നു, മറ്റു ചിലർ മരത്തിൽ നിന്ന് വലിഞ്ഞുനോക്കുന്നു. ആൽമരത്തിൽ നിന്ന് തൂങ്ങി നിൽക്കുന്ന വള്ളികളിൽ ഊഞ്ഞാൽ ആടുന്ന വിരുതന്മാരുമുണ്ട്.

എല്ലാവരും വായക്ക കയ്യിൽ പിടിച്ചോളൂ, കൊരങ്ങമ്മാർക്ക് കൊടുക്കാനാ, അല്ലേൽ ഓൽ ബിടൂല മ്മളേ…..

വാനരന്മാർക്ക് പഴം എറിഞ്ഞുകൊടുത്താണ്‌ തങ്ങൾ ആഞ്ഞിരിപറമ്പിൽ ഇറങ്ങിയത്. പറമ്പിന്റെ പൊലിമയും പങ്കിട്ടും ഒന്നും പറഞ്ഞാൽ തീരൂല! പറമ്പിന്റെ കിഴക്കേ ചെരുവിൽ വലിയൊരു കരിമ്പാറയുണ്ട്. കരിമ്പാറയുടെ നെറുകയിൽ നിന്ന് നോക്കിയാൽ പറമ്പിന്റെ നാലുവശവും കാണാം.

പറമ്പിന്റെ മധ്യത്തിലൂടെ അഗാധമായ ഒരിടവഴി അവസാനിക്കുന്നത് ആൾപാർപ്പില്ലാത്ത ഒന്നു രണ്ട് എടുപ്പുകളുടെ മുമ്പിലുണ്. എടുപ്പുകൾ വല്യുപ്പയുടേതാണ്- വല്യുമ്മ പറഞ്ഞു.

പറമ്പിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് നീരുറവ ഒഴുകി വന്ന് എടുപ്പിന്റെ ചുറ്റും വെള്ളം തളം കെട്ടി നിൽക്കുകയാണ്. പറമ്പിനപ്പുറം വണ്ടികൾ ഒടുന്ന വഴികാണാം.

വല്യുമ്മയോടൊത്ത് കുന്തിച്ചിരുന്ന് നങ്ങൾ അണ്ടിപൊറുക്കി, കൈതച്ചക്കകൾ ചാക്കിലാക്കി, എല്ലാം കഴിഞ്ഞേ നങ്ങൾ വീട്ടിലേക്ക് തിരിക്കൂ.. ആഞ്ഞിരി പറമ്പിൽ നിന്ന് തിരിച്ച് വരുമ്പോൾ നിരപ്പ് കഴിഞ്ഞ് ആദ്യം കാണുന്ന വീട് കുഞ്ഞിബിയുടേതാണ്.കുഞ്ഞീബിയുടെ വീടിന്റെ ചെരുവിൽ ഒന്ന് വിശ്രമിച്ച് ദാഹമകറ്റിയ ശേഷമാണ്‌ നടത്തം തുടരുക. വല്യുമ്മയും നങ്ങളും കുഞ്ഞീബിയുടെ വീടിന്റെ അയലെത്തുമ്പോഴേക്കും കുഞ്ഞീബി നീട്ടി വിളിക്കും : പാത്തോ,ഇജ്ജ് ഇങ്ങട്ട് കയറിരിക്ക് ‘

കാലത്ത് കയറീ തല്ലേ, പള്ളന്റെ ആന്തല് മാറ്റാലോ….

മനസ്സിൽ അകാരണമായ നീറ്റൽ അനുഭവപ്പെട്ട് ദീർഘമായ ചിന്തകളിൽ നിന്ന് ഞാൻ കണ്ണുമിഴിച്ചു.ഇന്ന് എന്റെ മുമ്പിലെ ആഞ്ഞിരി പറമ്പ് മൊട്ടപ്പറമ്പാണ്. കാടും പൊന്തയും മരവുമെല്ലാം വെട്ടി നിരത്തിയിരിക്കുന്നു. ഞാൻ കുരങ്ങന്മാരുടെ ആൽമരമെവിടെ എന്നു നോക്കി. അവിടെ കൊരങ്ങോ ആൽമരമോ ഇല്ല. എല്ലാം ശൂന്യം!

മൃഗങ്ങളുടെ മോങ്ങലുകളോ പക്ഷികളുടെ കള കള ശബ്ദങ്ങളോ ഇല്ല. നാലുപാടും വിശാലമായ കല്ലുവെട്ടിക്വാറികൾ.കല്ലുവെട്ടി മെഷീന്റെ കര കര ശബ്ദം മാത്രം ബാക്കി.ആ ശബ്ദം ആഞ്ഞിരി പറമ്പിന്റെ വിലാപമായി എന്റെ കാതുകളിൽ പതിഞ്ഞു...

  മുസ്തഫ എസി ഇരുമ്പുഴി...

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...