Thursday 28 December 2017

ആഘോഷിക്കാനൊരു നാൾ,


വിശ്വാസി ലോകത്തിന്റെ അനുഗ്രഹീത നായകൻ മുത്ത് മുഹമ്മദ്(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ വിശുദ്ധമാസമാണ് റബീഉൽ അവ്വൽ. വിശ്വാസി ഹൃദങ്ങളെ അനുരാഗത്തിന്റെ നിർവൃതിയിലാക്കിയ ആ വിശുദ്ധ ജന്മം അകില ലോക ജനങ്ങളും ആഘോഷത്തിന്റെ നിമിഷങ്ങളായ് കൊണ്ടാടുകയും ചെയ്യുന്നു.
തിരു നബി(സ്വ)യുടെ മദ്‌ഹുകൾ പദ്യമായും ഗദ്യമായും ഉച്ചരിക്കലും, തിരുപ്പിറവിയിൽ സന്തോഷം പ്രകടിപ്പിക്കലും ഖുർആൻ-ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതും അതിലുപരി കർമ്മശാസ്ത്ര പണ്ഡിതർ പുണ്യകർമ്മമായി വിഷതീകരിച്ചതുമാണ്.സമീപ കാലം വരെ അവിതർക്കിതമായി നടന്നു വന്ന ഈ കർമ്മത്തിനെതിരെ ചിലർ ഇപ്പോൾ ശബ്ദം ഉയർത്തുന്നുണ്ട്. നബി (സ) യെ ചെറുതായി ചിത്രീകരിക്കുന്നതിൽ രസം കണ്ടെത്തുന്ന ബിദ്അത്തുകാരുടെ ആലയങ്ങളാണ് ഇതിന്റെ പ്രഭവകേന്ദ്രങ്ങൾ. മുൻകാല വഹാബികളും,ബിദഈ പക്ഷക്കാരും ഒരുപോലെ സമ്മതിച്ചതും ആഘോഷിക്കാൻ ആഹ്വാനം നടത്തിയതുമായ നബിദിനാഘോഷം പിന്നീടെങ്ങനെ കുഫ്രിയത്തായി ?
തിരുപ്പിറവിയിലുള്ള ആഘോഷങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ ജന്മദിനാഘോഷത്തെ എതിർത്തു കൊണ്ട് സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഒരു പറ്റം മുസ്ലിം നാമധാരികൾ.ലോക മുസ്ലിംങ്ങളുടെ മുഴുവൻ വിശ്വാസങ്ങളും ആചാരങ്ങളും പിഴച്ചതാണെന്നും പഴമക്കാരുടെ പഴഞ്ചൻ ശൈലികള തിരുത്തപ്പെടേണ്ടതാണെന്നും മുത്ത് നബിയുടെ ജന്മദിനത്തിനെയും എതിർക്കപ്പെടേണ്ടതാണെന്നും അവർ വാദിക്കുന്നു.
ജന്മദിനാഘോഷം അനുവദനീയമാണെന്നതിനു തെളിവുകൾ നിരവദിയാണ്.
അള്ളാഹു പറയുന്നു: എന്റെ ഭാഗത്തു നിന്നും വല്ല അനുഗ്രഹവും നിങ്ങൾക്കു ലഭിച്ചാൽ അതിൽ നിങ്ങൾ സന്തോഷം പ്രകടിപ്പിക്കണം. മറ്റൊരു സ്ഥലത്ത് പറയുന്നു.'ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ ഞാൻ അയച്ചിട്ടില്ല' ആയതിനാൽ മുത്ത് നബിയുടെ നിയോഗം വിശ്വാസി ലോകത്തിനുള്ള അനുഗ്രഹമാണ്. ആ അനുഗ്രഹത്തിൽ ആഘോഷിക്കാനും സന്തോഷം പ്രകടിപ്പിക്കാനും അള്ളാഹു തന്നെ കൽപിച്ചിട്ടിമുണ്ട്.
ദീനിന്റെ പൂർത്തീകരണത്തെ കുറിക്കുന്ന സൂറതുൽ മാഇദയിലെ മൂന്നാം സൂക്തമിറങ്ങിയപ്പോൾ സ്വഹാബികൾ വളരെയധികം സന്തോഷിക്കുകയും ആ സന്തോഷം അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ഇമാം റാസി(റ) രേഖപ്പെടുത്തുന്നു.ചുരുക്കത്തിൽ തിരുപ്പിറവി റഹ്മത്താണെന്നും ആ റഹ്മത്തിൽ സന്തോഷിക്കണമെന്നും ഖുർആൻ ഇവിടെ വ്യക്തമാക്കുന്നു. മാത്രമല്ല വിശുദ്ധ ഹദീസുകളിലും ധാരാളം സംഭവങ്ങൾ കാണാം.നബി തങ്ങളുടേയും മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും മദ്ഹ് ആലപിക്കുന്ന സ്വഹാബികളെ മുത്ത് നബി പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്ക് ചേരുകയും ചെയ്ത വിശദീകരണങ്ങൾ ധാരാളം കാണാം.
ഇബ്നു അബ്ബാസ്(റ) പറയുന്നു.സ്വഹാബികളിൽ ചിലർ ഒരു സ്ഥലത്ത് ഒരുമിച്ച് കുടി സംസാരിക്കുകയായിരുന്നു. അപ്പോൾ നബി(സ) അവരുടെ അടുത്തേക്ക് കയറിവന്നു. ആ സമയം,ഒരാൾ പറഞ്ഞു.:ഇബ്റാഹീം നബി(അ)നെ അല്ലാഹു ആത്മ സുഹൃത്താക്കിയിരിക്കുന്നു.
അപ്പോൾ മറ്റൊരാൾ: മൂസാ നബി അള്ളാഹുവുമായി സംഭാഷണം നടത്തിയിട്ടുണ്ട്.
ഉടന്നെ വേറെ ഒരാൾ: ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അവനിൽ നിന്നുള്ള പരിശുദ്ധാത്മാവുമാണ്.ആദം നബ(അ)യെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ഇതെല്ലാം കേട്ടു നിന്ന നബി തങ്ങൾ പറഞ്ഞു:
''നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എങ്കിൽ അറിയുക, ഞാൻ അല്ലാഹു വിന്റെ ഹബീബാണ്. അന്ത്യദിനത്തിൽ ആദ്യമായി ശുപാർശ പറയുന്ന ആളും സ്വീകരിക്കപ്പെടുന്ന ആളും ഞാനായിരിക്കും. മാത്രമല്ല അന്ത്യദിനത്തിൽ ശുപാർശ ചെയ്യുന്നവനും, സ്വീകരക്കപ്പെടുന്നവനും, സ്വർഗ്ഗത്തിന്റെ വട്ടക്കണ്ണികൾ ആദ്യമായി പിടിച്ചുകുലുക്കുന്നയാളും ഞാനാണ് "
തിരു നബി തന്നെ നബിയുടെ മദ്ഹ് പറഞ്ഞു കൊണ്ടാണ് ഇവിടെ സ്വഹാബത്തിനോട് ഉപദേശിക്കുന്നത്.
ഒരിക്കൽ സ്വഹാബാക്കൾ തിങ്കളാഴ്ച ദിവസം നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ച് നബിയോട് ചോദിച്ചു, അവിടുന്ന് പറഞ്ഞു:
‘'അത് ഞാൻ ജനിച്ച ദിവസമാണ്. ഞാൻ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നു തന്നെ‘'
വർഷത്തിലെന്നല്ല എല്ലാ ആഴ്ചയും ജന്മദിനമായ തിങ്കളാഴ്ച വരുമ്പോൾ അതിനെ സ്മരിക്കണമെന്നാണ് നബി തങ്ങൾ പഠിപ്പിച്ചത്.
അതുപോലെ നബി തങ്ങളുടെ കാലത്ത് ഒരു പാട് സംഭവങ്ങൾ ജന്മദിനം ആഘോഷിക്കാം അത് അനിസ്ലാമികമല്ല എന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.ഒരു സംഭവം ഉദ്ദരിക്കാം: നബിയുടെ ജീവിതകാലത്ത് തന്നെ ബഹുമാനപ്പെട്ട ഈസാ നബി(അ)ന്റെ ജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചിരിന്നു.ഈസാ നബി(അ)ന്റെ ജന്മദിനാഘോഷം നബി തങ്ങളുടെ ജീവിതകാലത്തായിരിക്കേ, അവരെക്കാൾ സ്ഥാനമാനങ്ങളു ഉടയതായ തന്റെ ജന്മദിനം ഇതിലും ഗംഭീരമായി ആഘോഷിക്കപ്പെടുമെന്ന് നബി തങ്ങൾ അറിഞ്ഞിരിക്കെ അത് തെറ്റാണെന്നോ, കുഫ്രിയത്താണെന്നോ റസൂലുള്ള പറഞ്ഞിട്ടില്ല.
അതുപോലെ തന്നെ അബൂലഹബ് എന്ന കൊടിയ തെമ്മാടി മരണപ്പെട്ടതിനു ശേഷം ഇബ്നുഅബ്ബാസ്(റ) സ്വപ്നത്തിൽ കണ്ട സമയം അവരോട് പറഞ്ഞു:
‘വളരെ പ്രയാസമാണ്,സന്തോഷികാനുള്ള ഒരു വകയുമില്ല.എങ്കിലും,എനിക്കൊരു സന്തോഷമുണ്ട്. ആദരവായ നബി തങ്ങൾ ജനിച്ച സമയം എന്റെ അടിമ സുവൈബത്തിനെ മോചിപ്പിച്ചതിനാലുള്ള ഗുണം,അതു മാത്രമാണ് എനിക്കുള്ള ആശ്വാസം'
ചരിത്രം നൽകുന്ന പാഠം: കഠിനമായ തെമ്മാടിയിട്ടു പോലും, റസൂലിന്റെ ജന്മദിനത്തിൽ സന്തോഷിച്ചതിൽ ഫലമുണ്ടായിയെന്നുതന്നെ.
എന്നാൽ ആധുനിക വഹാബിസം ഈ ഹദീസിനെയും വക്രീകരിക്കുന്നതിൽ അമാന്തിച്ചില്ല.ഹദീസ് ദുർബലമാണെന്നും വിശ്വസനീയമല്ലെന്നുമാണ് അവരുടെ വിശദീകരണം. എന്നാൽ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിച്ചതിനല്ല, അടിമയെ മോചിപ്പിച്ചതിനാലുള്ള ഗുണമാണ് അബൂലഹബ് അനുഭവിക്കുന്നത് എന്നും ചില വഹാബികൾ പ്രചരിപ്പിക്കുന്നു. പക്ഷേ, ഒരു കാഫിറായ മനുഷ്യനിൽ നിന്നും എങ്ങനെ യാണ് കർമ്മങ്ങൾ സ്വീകാര്യമാവുക എന്ന ചോദ്യത്തിന് മുട്ടുമടക്കുകയേ ഇവർക്ക് നിർവാഹമുള്ളൂ.
പ്രശസ്ത കർമ്മശാസ്ത്ര പണ്ഡിതർ നബിദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുകയും പുണ്യകരമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ധീൻ സുയൂത്വി(റ) തുടങ്ങിയവർ അവരിൽ പെട്ടവരാണ്.ഇമാം നവവി(റ)ന്റെ ഉസ്താദായ ബഹുമാനപ്പെട്ട അബൂശാമ (റ) പറയുന്നു:
‘നബി (സ) യുടെ ജന്മദിനത്തോട് യോജിച്ച് വരുന്ന ദിവസങ്ങളിൽ എല്ലാ വർഷവും നടത്തി വരുന്ന ദാന ധർമ്മം, സൽകർമ്മം,സന്തോഷ പ്രകടനം തുടങ്ങിയവ നല്ല ആചാരങ്ങളാണ്.കാരണം ഇത്തരം പരിപാടികൾ കൊണ്ട് സാധുക്കൾക്ക് ഗുണം ചെയ്യലും, ജനങ്ങളുടെ ഹൃദയത്തിൽ നബി(സ)യുള്ള സ്നേഹവും ആദരവും വളർത്തലും,നന്ദി പ്രകടിപ്പിക്കലും ഇതിലുണ്ട്.

ഇങ്ങനെ മുൻഗാമികളായ മഹത്തുക്കളെല്ലാം വിശദീകരിച്ചതും വ്യക്തമാക്കിയതുമായ നബിദിനാഘോഷത്തിന്റെ കാരണങ്ങൾ വർത്തമാന വഹാബികൾക്കെങ്ങനെ കുഫ്രിയത്തായി എന്നത് അതിശയകരം തന്നെ!
മുൻഗാമികളായ വഹാബികൾ മുഴുക്കെ അംഗീകരിച്ചതും, പ്രഖ്യാപിച്ചതുമായ നബിദിനാഘോഷത്തിന്റെ ചില ഉദാഹരണങ്ങൾ:വഹാബി നേതാവായിരുന്ന ഇ.കെ മൗലവി എഴുതിയത് വായിക്കാം: റബീഉൽ അവ്വൽ ഒന്നുമുതൽ നബി തങ്ങളുടെ മൗലിദ് കൊണ്ടാടുന്ന സമ്പ്രദായം മശ്രിഖ് മുതൽ മഗ്രിബ് വരെ നടന്നു വരുന്നതാണല്ലോ? മുസ്ലിംകൾ താമസിച്ചു വരുന്ന ഒരു രാജ്യത്തും ഈ ആചാരം ഇല്ലെന്നു പറയാൻ സാധിക്കില്ല.
(അൽമുർഷിദ് ലക്കം5/24)
നബിദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുന്നതും പുണ്യ കർമ്മമാണെന്ന് പറയുന്നതും മുൻ കഴിഞ്ഞ വഹാബികളുടെ ലേഖനങ്ങളിൽ സുലഭമാണ്. വഹാബീ കൂടാരത്തിന്റെ  നേതാവ് ഇബ്നു തൈമിയ്യ വരെ നബിദിനാഘോഷത്തെ അംഗീകരിച്ചു വിശദീകരിച്ചവരാണ്. എന്നാൽ നേതൃനിരയിലെ വീക്ഷണങ്ങളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ഈയൊരു പുണ്യ കർമ്മത്തെ എതിർക്കില്ലായിരുന്നു.
നബി തങ്ങളുടെ മദ്ഹ് കീർത്തനങ്ങളെ ആക്ഷേപിക്കുന്നതിലും ഇവർ ഒട്ടും പിറകിലല്ല.എന്നാൽ ഈ വിവാദങ്ങൾക്കും അവരുടെ നേതൃത്വം അംഗീകരിച്ച തെളിവുകൾ തന്നെ അനവധിയാണ്. നബി തങ്ങളുടെ സാന്നിധ്യത്തിൽ കഅ്ബ് ബ്നു സുഹൈർ(റ)വിനെ പോലുള്ളവർ ഗാനം ആലപിച്ചതും പാരിതോഷികമായി നബി തങ്ങൾ പുതപ്പും നൂറ് ഒട്ടകവും കൊടുത്തതും വിശ്വസനീയമായ റിപ്പോർട്ടുകളെ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അള്ളാഹുവിന്റെയും, റസൂലുള്ളാഹി (സ) യുടെയും വിശേഷണങ്ങൾ അവരോടുള്ള സ്നേഹം തുടങ്ങിയവയെ പറ്റി ഗാനം ആലപിക്കൽ ഇബാദത് തന്നെയാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ മുത്ത് നബിയുടെ ജന്മദിനം ആഘോഷിക്കലും ആ ദിവസത്തിൽ മൗലിദ്, സ്വലാത്ത്, മറ്റു പ്രകീർത്തന സദസ്സുകൾ, റാലികൾ ഇവയെല്ലാം സംഘടിപ്പിക്കൽ ഇസ്ലാമികം തന്നെ. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതുമാണ്.

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...