Thursday 17 August 2017

ഗുരു സ്മരണ

ടിടി അബ്ദുല്ലക്കുട്ടി മുസ്ലിയാർ;മായാത്ത വ്യക്തിത്വം.

വടകര മുഹമ്മദാജി തങ്ങളും ഒ.കെ ഉസ്താദും ടി.ടി ഉസ്താദും ഒത്തുകൂടിയ സദസ്സ്, ദുആയുടെ സമയത്ത് എല്ലാവരും ഒഴിഞ്ഞു മാറുന്നു, "ബൈത്തുൽ മുഖദസിൽ പോയ ആൾ ദൊർക്കട്ടെ" ഒ.കെ ഉസ്താദ് പറഞ്ഞു.ടി.ടി ഉസ്താദ് അവിടം പോയിവന്ന ഉടനെ ആയിരുന്നു സംഭവം. അങ്ങനെ ടി.ടി ഉസ്താദ് ദീർഘമായി ദുആചെയ്തു.ദുആ കഴിഞ്ഞപ്പോൾ തങ്ങൾ പറഞ്ഞു(ദുആയിലെ ലഫ്ളുകളും വചനങ്ങളും കേട്ട്) എന്നെക്കൊണ്ടാവൂല അങ്ങിനെ ദൊർക്കാൻ, ഒ.കെ ഉസ്താദ് പറഞ്ഞു എന്നെക്കൊണ്ടും ആവൂല! കൂട്ടത്തിൽ ഉണ്ടായിരുന്ന ഇമ്പിച്ചിക്കോയ തങ്ങൾ കടലുണ്ടിയുടെ വാക്കുകളാണിത്.
വിശ്വാസിയുടെ ആയുധം ദുആയാണെന്ന തിരുവചനം അന്വർത്ഥമാക്കി ഉയരങ്ങൾ താണ്ടിയ പണ്ഡിത കുടുംബത്തിലെ കാരണവരും സമസ്ത മുശാവറാംഗവുമായിരുന്ന ചേറൂർ ടി.ടി അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ വേർപാടിന് പതിമൂന്നാണ്ട് തകയുകയാണ്, ഈ പുണ്യ ഹജ്ജ് മാസത്തിൽ.

ജനനം ബാല്യം

മുത്ത് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വെമ്പൽകൊള്ളുന്ന  ധന്യ മുഹൂർത്തത്തിൽ ആണ് ഉസ്താദിന്റെ ജനനനം(1943 നബീഉൽ അവ്വൽ 12 തിങ്കൾ സുബ്ഹിയോടടുത്ത സമയം) തച്ചരുപടിക്കൽ താഴത്ത് എന്ന സമ്പന്നകുടുംബമാണ് ഉസ്താദിന്റെത്. ദീനീ ചിട്ടയിലധിഷ്ടിതമായിരുന്നു ബാല്യം, മദ്രസയിൽ പഠിക്കുന്ന കാലത്ത് തന്നെ നാട്ടിലെ ദർസിൽ പോകുക പതിവായിരുന്നു. ചേറൂർ മദ്രസയിൽ നിന്നും വേങ്ങര ഹൈസ്കൂളിൽ നിന്നും പ്രാഥമിക പാoങ്ങൾ അഭ്യസിച്ച ഉസ്താദ് അച്ചനമ്പലത്തെ അയമുട്ടി മുസ്ലിയാരുടെ വീട്ടിൽ വെച്ചായിരുന്നു ദർസ് പഠനം ആരംഭിച്ചത്.തുടർന്ന് ചേറൂർ എം.എം ബഷീർ മുസ്ലിയാർ, ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ എന്നിവരിൽ നിന്ന് ദർസ് പഠനം പൂർത്തിയാക്കി.

ദർസ്

കേരളത്തിലെ അറിയപ്പെട്ട ദർസുകളിൽ ഒന്നായിരുന്നു ഉസ്താദിന്റെത്.നിരവധി പണ്ഡിതരെ ദീനിന് സംഭാവനചെയ്യാൻ ഉസ്താദിന്റെ ദർസിനായി. ആദ്യമായി ദർസ് നടത്തിയത് ഓമശ്ശേരിയിലാണ്. ദാറുസ്സലാം,താത്തൂർ,കൊണ്ടോട്ടി,കക്കാട് എന്നിവിടങ്ങളിൽ പിന്നീട് ദർസ് നടത്തി.
ഓമശ്ശേരി മഹല്ലിൽ ഉസ്താദ് നടത്തിയ ഒന്നര പതിറ്റാണ്ടുകാലത്തെ ഭരണം ആ പ്രദേശത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പുത്തൻ ചിന്താഗതിക്കാർ ഓമശ്ശേരിയെ പിടിച്ചടക്കി കൊണ്ടിരിക്കുന്നകാലം, അവരുടെ പരിഹാരം കാരണം സുന്നികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സഹചര്യം വരെയുണ്ടായി. അന്ന് സുന്നികൾക്ക് അഭിമാനവും ഇസ്സത്തും ഉണ്ടാക്കിക്കൊടുത്തത് ഉസ്താദായിരുന്നു. നാട്ടിലാകെ ആത്മീയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനു ഉസ്താദ് നിമിത്തമായി.ഓരോ വീട്ടിലും മാസാന്തമൗലിദ് സദസ്സുകൾ സംഘടിപ്പിച്ചു, ചെറുകുടിലുകളാണെങ്കിൽപോലും അവരാൽ കഴിയുന്ന സദ്യയൊരുക്കി മൗലിദ് നടത്തി.മൗലിദ് സദസ്സിൽ ലൗഡ് സ്പീക്കറും ഉണ്ടായിരുന്നു. ഇതൊക്കെ 1960-70 കളിലാണെന്നോർക്കണം.

കർമ്മവീഥിയിൽ

ആദർശ വൈജ്ഞാനിക രംഗത്ത് ഉസ്താദിന്റെ സംഭാവനകൾ നിസ്തുലമാണ്.കേരളത്തിലെ സുന്നി പ്രസ്ത്ഥാനത്തിന്റെ മുൻ നിരയിൽ എന്നും ഉസ്താദുണ്ടായിരുന്നു.എൺപതുകളുടെ അന്ത്യത്തിൽ സമസ്തയിലുണ്ടായ ചേരിതിരിവിൽ താജുൽ ഉലമക്കും ഖമറുൽ ഉലമക്കും കീഴിൽ സജീവമായി നിലകൊണ്ട ഉസ്താദ് എതിർ ചേരിയിലുള്ള തന്റെ ഉസ്താദുമായുള്ള ബന്ധത്തിനു വിള്ളൽ വീഴാതെ സൂക്ഷിക്കുകയും ചെയ്തു.
വിജ്ഞാന സമ്പാദന രംഗത്ത് മതത്തിന്റെ വ്യത്തത്തിൽ നിന്ന് പുറത്ത് പോകാത്ത പുരോഗമനങ്ങൾക്ക് ഉസ്താദ് അനുകൂലമായിരുന്നു.ഇസ്ലാം വിരോതികൾ സൗജന്യ പുസ്തക വിതരണത്തിലൂടെയും മറ്റുമായി മഞ്ചാട്ടിയിൽ പ്രചരണം ശക്തമാക്കിയ സന്ദർഭത്തിൽ പ്രതിവിധിയായിട്ടാണ് ഗേൾസ് ഓർഫനേജ് സ്ഥാപിക്കുന്നത്. സ്ഥാപനരൂപീകരണത്തിന്റെ തന്ത്രപരമായ കരുക്കൾ നീക്കിയത് ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. നിർമ്മാണത്തിനു വേണ്ട പണം കണ്ടെത്തിയതും ഉസ്താദ് തന്നെ. പിന്നീട് മഞ്ചാട്ടിയിൽ നിന്ന് വേങ്ങര കേന്ദ്രീകരിച്ചായി ഉസ്താദിന്റെ പ്രവർത്തനം.തൽഫലമായി വേങ്ങരയിൽ അൽ ഇഹ്സാനെന്ന സ്ഥാപനത്തിനു തുടക്കം കുറിക്കാനും ഉസ്താദിനു സാധിച്ചു.എസ് എസ് എഫിനു കീഴിൽ ആരംഭിച്ച ഇരിങ്ങല്ലൂർ മജ്മഇന്റെ ആരംഭത്തിലും തുടർന്നും വെള്ളില ഫൈസിക്ക് താങ്ങും തണലുമായിരുന്നത് ഉസ്താദായിരുന്നു.വെള്ളില ഫൈസിയും ടി.ടി ഉസ്താദും തമ്മിലുള്ള ദൃണ്ഡമായ ബന്ധം മജ്‌മഇന്റെയും അൽ ഇഹ്‌സാനിന്റെയും മുഖ്യപങ്ക്‌ വഹിച്ചു.വെള്ളില ഫൈസിയുടെ പെട്ടെന്നുണ്ടായ വിയോഗം ടി.ടി ഉസ്താദിനെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. എങ്കിലും, പ്രിയ സ്നേഹിതന്റെ ജനാസ സ്വന്തം കൈകൊണ്ട് ബഖീഇൽ ഇറക്കിവെക്കൊൻ സാധിച്ചതിൽ ഉസ്താദ് അഭിമാനം കൊള്ളാറുണ്ടായിരുന്നു. വിശുദ്ധ ബഖീഇൽ ഉറങ്ങാൻ കഴിഞ്ഞ ഫൈസിയുടെ സൗഭാഗ്യം ഉസ്താദ് എപ്പോഴും എടുത്ത് പറയാറുണ്ട്.

ജീവിതം,സന്ദേശം

അല്ലാഹുവിനെ ഭയന്നവനെ എല്ലാവസ്തുക്കളും ഭയക്കുമെന്ന മുത്ത് നബിയുടെ വചനം ഉസ്താദിൽ പുലർന്ന് കണ്ടിരുന്നു.ഇഖ്ലാസ് കൈമുതലാക്കി ആർക്ക് മുമ്പിലും ഹഖ് തുറന്ന്പറയാൻ ഉസ്താദ് മടിച്ചിരുന്നില്ല. വളരെ അധികം കൃത്യനിഷ്ഠതയുള്ള ജീവിതവും നമുക്ക് ഉസ്താദിൽ നിന്ന് വായിക്കാം. മൂന്ന് മണിയുടെയും നാല് മണിയുടെയും ഇടയിൽ പതിവായി എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ച് സുബ്ഹ് വരെ ദിക്റിലും ദുആയിലും മുഴുകും, സുബ്ഹ് നിസ്കാരത്തിൽ ദിവസവും രണ്ട് ജുസ്അ ഖുർആൻ ഓതും, നിസ്കാരവും ദുആയും കഴിഞ്ഞ് ളുഹാ നിസ്കാരത്തോടെയേ എഴുന്നേൽക്കാറുണ്ടായിരുന്നൊള്ളൂ.
വിഷമഘട്ടങ്ങളിൽ ദുആ ആയുധമാക്കിയ ഒരു വ്യക്തിത്വമായിരുന്നു ഉസ്താദ്.മണിക്കൂറുകൾ നീളുന്ന ഉസ്താദിന്റ ദുആയുടെ ലഫ്ളുകളും വചനങ്ങളും കേട്ട് പലരും അത്ഭുതം കൂറീട്ടുണ്ട്.ഉസ്താദിനെകുറിച്ച് മക്കൾ സ്മരിക്കുന്നത് ഇങ്ങനെയാണ് "നങ്ങൾ കുടുംബസമേതം ഹജജിനുപോയ സന്ദർഭം, മദീനയിൽ നിന്ന് ബദറിലേക്ക് പുറപ്പെട്ടപ്പോൾ അവിടേക്ക് പോകാൻ കഴിയില്ല; പോലീസ് തടയുമെന്ന് എല്ലാവരും പറഞ്ഞു, എന്നാൽ ഉപ്പ നങ്ങളോട് യാസീനും ദുആഉൽകർബും ചൊല്ലാൻ നിർദേശിച്ചു. പോലീസുകാരുടെ അടുത്തെത്തിയപ്പോൾ നങ്ങൾക്ക് അനായാസം അനുമതി ലഭിച്ചു''
മഹാന്മാരോടുള്ള ബഹുമാനവും സാമീപ്യവും പതിവാക്കി പുണ്യാത്മാക്കളെ സിയാറത്ത് ചെയ്യുന്നതിൽ അത്യാവേശം കാണിക്കാറുണ്ടായിരുന്നു. ഈജിപ്ത്, ഇറാഖ്, ഫലസ്തീൻ, തുടങ്ങി പത്തിലധികം രാഷ്ട്രങ്ങളിൽ പുണ്യാത്മാക്കളെ സന്ദർശിച്ച് ആത്മീയ സായൂജ്യം നേടീട്ടുണ്ട്.ഇതിനിടയിൽ ഉമർ ഹഫീള്, മക്കയിലെ പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് ഹസൻ ശദ്ദാദ് തുടങ്ങി ധാരാളം മഹത് വ്യക്തിത്വങ്ങളുമായി ആത്മീയ ബന്ധങ്ങൾ സ്ഥാപിക്കുവാനും ഉസ്താദിനു സാധിച്ചു.കൂടാതെ കേരളത്തിലെ നടുംതൂണുകളായ ആലിമീങ്ങളോടും സാദാത്തുക്കളോടും വളരെ അടുത്ത ബന്ധവുമുണ്ടായിരുന്നു ഉസ്താദിന്. താജുൽ ഉലമ;ഉള്ളാൾ തങ്ങളെ ഇടക്കിടെ സന്ദർശിക്കുകയും തങ്ങൾ നിർദ്ദേശിക്കുന്ന സ്വാലാത്തുകൾ പതിവാക്കുകയും ചെയ്തിരുന്നു.
മറ്റുള്ളവരുടെ ഔദാര്യം ആശിക്കാത്ത രീതിയിലുള്ള ജീവിതമാണ് ഉസ്താദ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. ശാദുലി ഇമാമിന്റെ ചരിത്രം പലപ്പോഴും ഉദ്ധരിക്കും, ഇമാം ഒരിക്കൽ സുഹ്ദ്(പ്രപഞ്ച പരിത്യാഗം) നെ കുറിച്ച് പ്രസംഗിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യൻ, ഇയാൾക്ക് സുഹ്ദിനെ കുറിച്ച് പറയാൻ എന്തവകാശമാണുള്ളതെന്ന് ആത്മഗതം നടത്തി.ഇത് തിരിച്ചറിഞ്ഞ ഇമാം ശാദുലി (റ) ഉടനെ പറഞ്ഞു, നിന്റെ വസ്ത്രം ദുൻയാവിലേക്ക് ആഗ്രഹിക്കുന്ന വസ്ത്രമാണ്, എന്നാൽ എന്റെ വസ്ത്രം ദുൻയാവിലേക്ക് ആഗ്രഹിക്കുന്നില്ല.

ഇഹ്റാമിലായി അന്ത്യയാത്ര

ഹജജിന്റെ ആത്മീയ ചൈതന്യം അങ്ങേയറ്റം രുചിച്ച വ്യക്തിയാണ് ടി.ടി ഉസ്താദ്.ഇരുപത്തിയെട്ട് തവണ ഹജജിന് അവസരം ലഭിച്ചിട്ടും ഓരോ തവണയും ആദ്യ ഹജജ് വേളയിലുള്ള ആവേശമായിരുന്നു ഉസ്താദിന്. തിരൂർക്കാട് തങ്ങൾ ഉസ്താദിനെ സ്മരിക്കുന്നത് ഇങ്ങനെയാണ് "നങ്ങൾ മദീനാ ശരീഫിലായിരുന്നപ്പോൾ സുബ്ഹ് നിസ്കാരത്തിന് മസ്ജിദുന്നബവിയ്യയിൽ പോയാൽ നങ്ങളെല്ലാവരും എട്ട് മണിക്ക് ചായക്ക് റൂമിലെത്തും, ആ മഹാൻ എത്തിയിട്ടുണ്ടാവില്ല.ളുഹ്റ് നിസ്കാരം കഴിഞ്ഞാണ് നങ്ങളുടെ കൂടെ മടങ്ങാറ്. ചിലപ്പോൾ നങ്ങൾ ഇശാനിസ്കാര ശേഷം സിയാറത്ത് ചെയ്ത് മടങ്ങുമ്പോഴേ നങ്ങളുടെ കൂടെ റൂമിലേക്ക് വരൂ, നിങ്ങളെവിടെയായിരുന്നു എന്നു ചോദിച്ചാൽ ഞാൻ അവിടെതന്നെ കൂടി എന്നായിരിക്കും മറുപടി "
ഹജജിലായിതന്നെ മരണപ്പെടാൻ ഉസ്താദ് ആഗ്രഹിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അബുൽ ഹസനുൽ അശ്അരി(റ)യുടെ ഹജജ് യാത്ര പലപ്പോഴും സ്മരിക്കാറുണ്ടായിരുന്നു. അശ്അരി ഇമാം ഹജ്ജ് യാത്രയിൽ തന്നെ അനുഗമിച്ച സേവകരോട് കൊട്ടയും കൈക്കോട്ടും കൂടെകരുതാൻ നിർദ്ദേശിച്ചു.ആ യാത്രയിൽ ഇമാം മരണപ്പെടുകയും ചെയ്തു. ഇഹ്റാമിലായി മരണപ്പെട്ടാൽ ആ ഹജജ് പൂർത്തിയാക്കാൻ അല്ലാഹു ഒരു മാലാകയെ നിയോഗിക്കുമെന്നും ആ മലക്ക് അന്ത്യനാൾവരെ അവനു വേണ്ടി ഹജജ് നിർവ്വഹിച്ചുകൊണ്ടിരിക്കുമെന്നും പലപ്പോഴും ഉസ്താദ് ഉണർത്തിയിരുന്നു. ഒടുവിൽ, നല്ല സമയത്ത് പുണ്യദേശത്ത് നല്ലവരോടൊത്ത് മൗത്താക്കേണമേ!.... എന്ന ഉസ്താദിന്റെ തേട്ടത്തിനു നാഥൻ ഉത്തരം നൽകി.ഇരുപത്തിയെട്ടാമത്തെ ഹജജിനു ഇഹ്റാം കെട്ടി തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കെ നാഥൻ ഉസ്താദിനെ തിരിച്ചു വിളിച്ചു.

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...